തങ്ങളുടെ മസ്കുലാർ & ബോൾഡ് ലുക്സും മികവുറ്റ പെർഫോമെൻസുമായി ജനഹൃദയങ്ങളിൽ ഇടം പിടിച്ച മോഡലുകളാണ് ഇസൂസു D -മാക്സും, MU-X ഉം. ഇപ്പോൾ രണ്ട് മോഡലുകൾക്കുമായി ഒരു പുതിയ മൈൽഡ് -ഹൈബ്രിഡ് ഡീസൽ ഓപ്ഷൻ ഇസൂസു അവതരിപ്പിക്കുകയാണ്. മികച്ച മൈലേജും മെച്ചപ്പെടുത്തിയ പെർഫോമെൻസും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. 2.2 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 161 bhp മാക്സ് പവറും 400 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ ഒരു വേരിയബിൾ ടർബോചാർജർ, മെച്ചപ്പെട്ട കംബഷൻ, മുമ്പത്തേക്കാൾ കൂടുതൽ നിശബ്ദമായി പ്രവർത്തനം എന്നിവ സാധ്യമാക്കുന്നു.
2025 ഇസൂസു D -മാക്സ്, MU-X ജോഡി അടുത്തയാഴ്ച തായ്‌ലൻഡിൽ അവതരിപ്പിക്കും. മൈൽഡ് -ഹൈബ്രിഡ് ഡി -മാക്‌സിന്റെ ബേസ് സ്പെക്ക് വേരിയൻ്റിന് 595,000 THB ( ഏകദേശം 13.86 ലക്ഷം രൂപ) വിലയ്ക്ക് എത്തും, അടുത്തതായി MU-X -ന് 1,194,000 THB (27.82 ലക്ഷം രൂപ) വിലയിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ഓൾ -ഇലക്‌ട്രിക് D -മാക്‌സ് 2025 -ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ അണിയറയിൽ ഒരുങ്ങുകയാണെന്നും ശ്രദ്ധിക്കേണ്ടതാണ്. D -മാക്സ് ഇവിയുടെ കൺസെപ്റ്റ് മോഡൽ ഇതിനോടകം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇനി ഡീസൽ ഹൈബ്രിഡിന്റെ കാര്യത്തിലേക്ക് തിരികെ വരുമ്പോൾ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോറിൻ്റെയും ബാറ്ററി പാക്കിൻ്റെയും സാങ്കേതിക സവിശേഷതകളും കപ്പാസിറ്റിയും ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.
മറുവശത്ത് ഡീസൽ പവർട്രെയിന്റെ കാര്യത്തിൽ, 2.2 മാക്സ്ഫോഴ്സ് എഞ്ചിൻ പുതിയ എട്ട് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് കണക്ട് ചെയ്തിരിക്കുന്നത്. നോർമൽ ഡീസൽ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, മൈൽഡ് -ഹൈബ്രിഡ് സിസ്റ്റം സ്റ്റാർട്ടപ്പിൽ 56 ശതമാനം കൂടുതൽ ടോർക്ക് വാഗ്ദാനം ചെയ്യുകയും മൈലേജിന്റെ കാര്യത്തിൽ 10 ശതമാനം മെച്ചപ്പെടുത്തലും നൽകുന്നു.
ബേസ് മോഡലിൽ 1.9 ലിറ്റർ എഞ്ചിൻ യൂണിറ്റ് 148 bhp സൃഷ്ടിക്കുമ്പോൾ ടോപ്പ് -സ്പെക്ക് 3.0 ലിറ്റർ വേരിയൻ്റ് 187 bhp പവർ പുറപ്പെടുവിക്കുന്നു, ഇവ രണ്ടും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. മൈൽഡ് -ഹൈബ്രിഡ് പവർട്രെയിൻ 2025 -ൽ അന്താരാഷ്ട്രതലത്തിൽ പല പ്രമുഖ വിപണികളിലും പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നുണ്ട്.
എങ്കിലും മറ്റ് ചെറു വിപണികളിലെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇസൂസു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയും ഇതിൻ്റെ ഭാഗമാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചും ഇതുവരെ ഒന്നും അറിവായിട്ടില്ല. പുതിയ ഇസൂസു D -മാക്‌സ് മൈൽഡ് -ഹൈബ്രിഡ് വേരിയൻ്റ് സമാനമായ ടൊയോട്ട ഹിലക്‌സ്, ഫോർഡ് റേഞ്ചർ PHEV എന്നിവയുമായി മത്സരിക്കും.
ഫ്യൂവൽ സെൽ ഓപ്ഷനുകൾ ഉൾപ്പെടെ ഭാവി ലൈനപ്പിനായി കമ്പനി ഒന്നിലധികം പവർട്രെയിൻ ചോയ്‌സുകൾ ടെസ്റ്റ് ചെയ്തു വരികയാണ്, എന്നാൽ വാഹനത്തിന്റെ ലഭ്യത ഓരോ രാജ്യത്തിൻ്റെയും വിപണികളുടേയും ആവശ്യകതകളെ മാത്രം ആശ്രയിച്ചിരിക്കും. നിലവിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കമ്പനി ആഹ്ലാദിക്കുന്നു, അതേസമയം ആഭ്യന്തര വിൽപ്പനയുടെ കാര്യം നോക്കുമ്പോൾ വെറും ശരാശരിയാണ്.
എതിരാളികൾക്കെതിരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുന്നതിനായി ഇസൂസു സമീപഭാവിയിൽ ഇന്ത്യയിൽ നിലവിലുള്ള മോഡലുകളെ വൻതോതിൽ പ്രാദേശികവൽക്കരിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കണം എങ്കിൽ ഇസൂസുവിന് കാര്യമായ ഒരു ആക്ഷൻ പ്ലാനിന്റെ ആവശ്യകതയുണ്ട്, ഈ ഡീസൽ ഹൈബ്രിഡ് സിസ്റ്റം എത്തിക്കുകയാണ് എങ്കിൽ കമ്പനിയ്ക്ക് കൂടുതൽ മെച്ചമുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.
