വിദേശികള്‍ ഇന്ത്യന്‍ നിര്‍മിത കാര്‍ ചോദിച്ച് വാങ്ങുന്നു! മാരുതിയുടെ കയറ്റുമതി 30 ലക്ഷം പിന്നിട്ടു..

ഇന്ത്യയിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ആഭ്യന്തര വില്‍പ്പനയില്‍ മാത്രമല്ല കയറ്റുമതിയുടെ കാര്യത്തിലും മാരുതി സുസുക്കി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. വണ്ടിക്കമ്പനികളുടെ ഈറ്റില്ലവും സുസുക്കിയുടെ സ്വന്തം നാടുമായ ജപ്പാനിലേക്ക് വരെ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനി ഇപ്പോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ പുത്തന്‍ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കയറ്റുമതി കമ്പനിയുടെ പുതിയ നാഴികക്കല്ലിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

ഉത്പാദന, വില്‍പ്പന നാഴികക്കല്ലുകളില്‍ പലതും ആദ്യം താണ്ടുന്ന മാരുതി സുസുക്കി തന്നെ വിദേശ വിപണികളിലേക്ക് 30 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിര്‍മാതാവെന്ന നേട്ടവും സ്വന്തമാക്കി. സെലേറിയോ, ഫ്രോങ്ക്‌സ്, ബലേനോ, സിയാസ്, ഡിസയര്‍, എസ്‌പ്രെസ്സോ എന്നീ കാറുകള്‍ ഉള്‍പ്പെടെ 1053 കാറുകള്‍ ഉള്‍പ്പെട്ട ഷിപ്‌മെന്റ് ഗുജറാത്തിലെ പിപാവ തുറമുഖത്ത് നിന്ന് പുറപ്പെട്ടതോടെയാണ് മാരുതി സുസുക്കി ഈ നേട്ടത്തിലെത്തിയത്.

1986-ലാണ് മാരുതി സുസുക്കി ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. 1987-ല്‍ 500 കാറുകള്‍ ഹംഗറിയിലേക്ക് കപ്പല്‍ കയറ്റിയതായിരുന്നു തുടക്കത്തിലെ ഏറ്റവും വലിയ കണ്‍സൈന്‍മെന്റ്. തുടക്കകാലത്ത് ഇന്ത്യന്‍ നിര്‍മിത കാറുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ഘട്ടംഘട്ടമായി അവ തരണം ചെയ്ത് കമ്പനി ബിസിനസ് മെച്ചപ്പെടുത്തി.

2012-13 സാമ്പത്തിക വര്‍ഷമാണ് മാരുതി സുസുക്കി 10 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് താണ്ടിയത്. 20 ലക്ഷത്തിലേക്ക് എത്താന പിന്നെയും 9 വര്‍ഷം എടുത്തി. 2020-2021 സാമ്പത്തിക വര്‍ഷമായിരുന്നു ഈ നേട്ടം. എന്നാല്‍ ഏറ്റവും അവസാനത്തെ 10 ലക്ഷം കയറ്റുമതിക്ക് വെറും 3 വര്‍ഷവും 9 മാവസവും മാത്രമാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് വേണ്ടിവന്നത്.

ഈ വര്‍ഷം ഒക്‌ടോബറിലാണ് കമ്പനി ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്തത്. 33,168 യൂണിറ്റായിരുന്നു കഴിഞ്ഞ മാസം കപ്പല്‍ കയറിയത്. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന കയറ്റുമതി വിപണിയുടെ 40 ശതമാനം മാരുതിയുടെ കൈയ്യിലാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ മാരുതി സുസുക്കി മൊത്തം 181444 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിദേശത്ത് ലഭിക്കുന്ന മികച്ച സ്വീകാര്യതയക്ക് അടിവരയിടുന്ന സംഭവമാണ് ഇത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, പശ്ചിമേഷ്യ എന്നീ വിപണികളിലേക്കാണ് രാജ്യങ്ങളിലേക്കാണ് നിലവില്‍ മാരുതി ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. 100-ലധികം രാജ്യങ്ങളിലായി 17 മോഡലുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാരുതി സുസുക്കിയുടെ കയറ്റുമതി ഏകദേശം മൂന്നിരട്ടി വര്‍ധിച്ചു. 2030 ആദ്യ പകുതിയില്‍ കമ്പനി 7.5 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഗ്രാന്‍ഡ് വിറ്റാര, ജിംനി എന്നിവയും കയറ്റുമതി കാറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സ് ഇന്ത്യയില്‍ നിന്ന് സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു.

ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ മാരുതി സുസുക്കി എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. കയറ്റുമതി വിപണിയില്‍ ഏറ്റവും സ്വീകാര്യതയുള്ള മാരുതി സുസുക്കി മോഡലുകള്‍ ഫ്രോങ്ക്‌സ്, ജിംനി, ബലേനോ, ഡിസയര്‍, എസ്‌പ്രെസോ എന്നിവയാണ്. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുമെന്നതിനാല്‍ മാരുതിയുടെ ഈ നേട്ടത്തില്‍ ഏവര്‍ക്കും അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *