ദുബായ്: ഇന്ത്യ-യുഎഇ വിമാനയാത്രയില്‍ ബാഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍. എയര്‍പോര്‍ട്ട് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ചെക്ക്-ഇന്‍ ബാഗേജില്‍ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും ലഗേജ് നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇന്ത്യ-യുഎഇ യാത്രയില്‍ കൊണ്ടുപോകാവുന്ന സാധനങ്ങളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിനായി എയര്‍പോര്‍ട്ടുകള്‍, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കണം എന്ന് അധികൃതര്‍ വ്യക്തമാക്കി. ചില ഇനങ്ങള്‍ ചെക്ക്-ഇന്‍ ബാഗേജുകളില്‍ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില്‍ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
അതിനാല്‍ നിരോധിത വസ്തുക്കള്‍ ഏതൊക്കെയാണ് എന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എല്ലാ രാജ്യാന്തര യാത്രകളിലെയും പോലെ ഇറങ്ങുന്ന നഗരത്തിന്റെയോ രാജ്യത്തിന്റെയോ കസ്റ്റംസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. ഇത് പ്രകാരം പുറത്തിറക്കിയ നിരോധിത വസ്തുക്കളുടെ ഒരു പട്ടിക പരിശോധിക്കാം.
നെയ്യ്
ക്യാബിന്‍ ലഗേജില്‍ നെയ്യും വെണ്ണയും അനുവദിക്കുന്നതല്ല. ദ്രാവക സ്വഭാവം കാരണമാണ് ഇവ രണ്ടും നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ക്യാരിഓണ്‍ ലഗേജില്‍ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങള്‍ 100 മില്ലി എന്ന അളവില്‍, എയറോസോള്‍സ്, ജെല്‍സ് എന്നിവയുടെ കീഴില്‍ പരിമിതപ്പെടുത്തും. അതേസമയം ചെക്ക്-ഇന്‍ ലഗേജിന്റെ കാര്യത്തില്‍ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാം
അച്ചാറുകള്‍
മുളക് അച്ചാര്‍ ഒഴികെയുള്ള അച്ചാറുകള്‍ കയ്യില്‍ കൊണ്ടുപോകുന്നതും ചെക്ക്-ഇന്‍ ചെയ്യുന്നതുമായ ലഗേജുകളില്‍ കൊണ്ടുപോകാം. മുളക് അച്ചാര്‍ ഹാന്‍ഡ് ക്യാരിയില്‍ അനുവദിക്കുന്നില്ല. എന്നാല്‍ എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചെക്ക്-ഇന്‍ ലഗേജില്‍ അച്ചാര്‍ കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തിയേക്കാം.
സുഗന്ധവ്യഞ്ജനങ്ങള്‍
ക്യാബിന്‍ ലഗേജില്‍ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന പൊടികളും അനുവദനീയമല്ല, എന്നാല്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെക്ക്-ഇന്‍ ബാഗേജില്‍ കൊണ്ടുപോകാം.
കൊപ്ര
2022 മാര്‍ച്ചില്‍, ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കൊപ്ര അഥവാ ഉണങ്ങിയ തേങ്ങ നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തരുന്നു. ഇത് കാരണം ചെക്ക്-ഇന്‍ ബാഗേജില്‍ കൊപ്ര കൊണ്ടുപോകാനാകില്ല.
ഇ-സിഗരറ്റുകള്‍
ഇ-സിഗരറ്റുകള്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ലിസ്റ്റിലെ നിരോധിത ഇനങ്ങളാണ്. ചെക്ക് ഇന്‍ ലഗേജിലോ ഹാന്‍ഡ് ക്യാരിയിലോ ഇത് അനുവദിക്കുന്നതല്ല. എയര്‍പോര്‍ട്ടില്‍ നിന്നോ എയര്‍ലൈന്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നോ നിങ്ങള്‍ക്ക് നിരോധിത വസ്തുക്കളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
