തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസ് ഓടിത്തുടങ്ങുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും അസമിലെ ന്യൂ തിൻസൂക്കിയയിലേക്കാണ് ഈ റെക്കോർഡ് യാത്ര. ദക്ഷിണ റെയിൽവേയുടെ അഭിമാനകരമായ ഈ നേട്ടം യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും.
ഏകദേശം 4,028 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന തിരുവനന്തപുരം – ന്യൂ ടിൻസൂക്കിയ സ്പെഷ്യൽ ട്രെയിൻ (നമ്പർ: 06015) ഇന്ന് വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തിരിക്കും. 83 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് ഈ ദീർഘദൂര യാത്ര പൂർത്തിയാകുന്നത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അഞ്ചാം ദിവസം പുലർച്ചെ 4.30-ന് ന്യൂ ടിൻസൂക്കിയയിൽ എത്തിച്ചേരും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 06016 ന്യൂ ടിൻസൂക്കിയ – തിരുവനന്തപുരം സ്പെഷ്യൽ ഒമ്പതാം തീയതി രാത്രി 8 മണിക്ക് അവിടെനിന്ന് പുറപ്പെട്ട്, അഞ്ചാം ദിവസം രാവിലെ 7.45-ന് തിരുവനന്തപുരത്ത് എത്തും.
കേരളത്തിലെ കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് എന്നീ സ്റ്റേഷനുകൾ പിന്നിട്ട് വിജയവാഡ, ഭുവനേശ്വർ, ഗുവാഹത്തി തുടങ്ങിയ രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകൾ വഴിയാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം 22 കോച്ചുകളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഭൂരിഭാഗവും സ്ലീപ്പർ കോച്ചുകളാണ് (18 എണ്ണം). ഇതിനുപുറമെ രണ്ട് എസി ത്രീ ടയർ കോച്ചുകളും ഭിന്നശേഷി സൗഹൃദമായ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും ഈ ദീർഘദൂര സ്പെഷ്യൽ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അസമിലേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമായി റെയിൽവേയുടെ പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് മാറുന്നു.