ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഒരു തുരങ്കപാത; വൈറ്റ്ഫീൽഡിൽ നിന്നുള്ള യാത്രാസമയം 30 മിനിറ്റ് കുറയും

ബെംഗളൂരു: ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ വഴിയൊരുങ്ങുന്നതായി റിപ്പോ‍ർട്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ബാംഗ്ലൂ‍ർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL- ബിയാൽ) ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ പുതിയ തുരങ്കപാത (ഈസ്റ്റേൺ കൺക്ടിവിറ്റി ടണൽ) യ്ക്കായാണ് ആലോചന തുടങ്ങിയിരിക്കുന്നതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബിയാൽ നടത്തുന്ന 16,500 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതിയിൽ ഉൾപ്പെടുന്നതാണ് തുരങ്കപാത. ബെംഗളൂരുവിലെ വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച മുൻനിർത്തിയാണ് അടിസ്ഥാനവികസന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കിഴക്കൻ മേഖലയിലെ മഹാദേവപുര, സർജാപൂർ, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന തുരങ്കപാതയാണ് ബിയാലിൻ്റെ ആലോചനയിലുള്ളത്. നിർദിഷ്ട പാതയിലെ തുരങ്കത്തിൻ്റെ നീളം 2.5 കിലോമീറ്റർ ആണ് കണക്കാക്കുന്നത്. നാലുവരി പാതയാണിത്. പദ്ധതി സംബന്ധിച്ച ശുപാർശ ബിയാൽ അധികൃതർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.

നിലവിൽ ദേശീയപാതയിലൂടെ ഹെബ്ബാൾ വഴി വിമാനത്താവളത്തിൻ്റെ പടിഞ്ഞാറൻ എൻട്രൻസിലേക്കാണ് കിഴക്കൻ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർ എത്തിച്ചേരുന്നത്. വൈറ്റ്ഫീൽഡിൽനിന്ന് ഹെബ്ബാൾ വഴി വിമാനത്താവളത്തിൽ എത്തിച്ചേരാൻ ഏകദേശം ഒന്നര മണിക്കൂ‍ർ എടുക്കും. അതേസമയം ബാഗലൂ‍ർ, ബേഗൂർ വഴിയുള്ള എയർപോ‍ർട്ട് ലിങ്ക് റോഡിലൂടെയും കിഴക്കൻ മേഖലയിലുള്ളവർ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. യാത്രാസമയം ഒന്നേകാൽ മണിക്കൂറുള്ള ഈ പാതയിലെ കുഴികളും തെരുവുവിളക്കുകളുടെ അഭാവവും യാത്രക്കാർക്ക് വെല്ലുവിളിയാണ്.

സംസ്ഥാന പാതയിൽനിന്ന് മറ്റൊരു റൂട്ടുവഴിയാണ് തുരങ്കപാത കടന്നുപോകുകയെന്നാണ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നത്. ഇതുവഴി, വൈറ്റ്ഫീൽഡിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാസമയം 30 മിനിറ്റ് കുറയ്ക്കാനാകും. പുതിയ പാത യാഥാർഥ്യമായാൽ ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനും സാധിക്കും.

തുരങ്കപാത വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം സുഗമമാക്കുക മാത്രമല്ല, ബെംഗളൂരുവിൻ്റെ മൊത്തത്തിലുള്ള ഗതാഗതവും മെച്ചപ്പെടുത്തുമെന്നാണ് ബിയാൽ അധികൃതരുടെ വിലയിരുത്തൽ. തുരങ്കപാതയുടെ നി‍ർമാണം ഈ വർഷം അവസാനം ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും മൂന്നു വ‍ർഷംകൊണ്ട് പദ്ധതി പൂർത്തിയാകുമെന്നും ബിയാൽ സിഇഒ ഹരി മാരാർ ഒരു പോഡ്കാസ്റ്റ് ഷോയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *