ഇന്ത്യയുടെ സ്വന്തം ‘ഇടി പരീക്ഷ’യായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ (NCAP) ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കി ഹ്യുണ്ടായ് ടൂസോൺ. ഇന്ത്യയിൽ ഇതാദ്യമായാണ് ഹ്യുണ്ടായിയുടെ ഒരു മോഡൽ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ നേടുന്നത്. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32.00-ൽ 30.84 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49.00-ൽ 41.00 പോയിന്റും നേടിയാണ് ഈ നേട്ടം ട്യൂസോൺ ഉറപ്പാക്കിയത്.
ടാറ്റയുടെ പഞ്ച്, നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, ഹാരിയർ, സഫാരി, മഹീന്ദ്ര എക്സ്.യു.വി 3XO, എക്സ്.യു.വി 400, ഥാർ റോക്സ് എന്നീ മോഡലുകളും ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേരത്തേ സ്വന്തമാക്കിയിരുന്നു.
156 പി.എസ്. പവറും 192 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ 4സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 186 പി.എസ്. പവറും 416 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ വി.ജി.ടി. ടർബോ ഡീസൽ എൻജിനുമാണ് ട്യൂസോണിന്റെ ഹൃദയം. പെട്രോൾ എൻജിനിൽ 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഡീസൽ എൻജിനിൽ 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണുള്ളത്. രണ്ടിലും ഓൾ വീൽ ഡ്രൈവ് ഉണ്ട്.
പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. പെട്രോൾ എൻജിൻ മോഡലാണ് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചത്. രണ്ട് വേരിയന്റുകൾക്കും ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിങ് ബാധകമാണ്.
ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റെയിൻ സെൻസിങ് വൈപ്പറുകൾ, ക്യാമറകളും സെൻസറുകളും എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങളുടെ കരുത്തും ട്യൂസോണിലുണ്ട്. 29.02 ലക്ഷം മുതൽ 35.94 ലക്ഷം രൂപ (എക്സ് ഷോറൂം) വരെയാണ് വില.
