25 കി.മീ. മൈലേജുള്ള പെട്രോൾ കാറുമായി ടൊയോട്ട; അകത്ത് വിശാലമായ സ്ഥലവും ഗംഭീര യാത്രാസുഖവും

ഇന്ത്യയിൽ മാരുതി സുസുക്കിയുടെ കാറുകൾ മറിച്ച് വിറ്റ് കാശുണ്ടാക്കുന്നവരെന്ന ചീത്തപ്പേരുള്ളവരാണ് ടൊയോട്ട. ഫാൻസിനിടയിലാണ് ഈയൊരു വിളിപ്പേരുള്ളതെങ്കിലും ജാപ്പനീസ് ബ്രാൻഡ് ഇതിനൊന്നും ചെവി കൊടുക്കാതെ മുമ്പോട്ട് പോവുകയാണ്. വികസനത്തിനും നിർമാണത്തിനും അധികം പണം ചെലവഴിക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്ന് മറ്റ് കമ്പനികളെ കാണിച്ചുകൊടുക്കാനും റീബാഡ്‌ജിംഗിലൂടെ ടൊയോട്ടയ്ക്കായിട്ടുണ്ട്. ഡീസൽ എഞ്ചിനുകളോട് പതിയെ വിടപറഞ്ഞ് ഭാവിയിലേക്കുള്ള ചുവടുവെപ്പിന്റെ പാതയിലാണ് കമ്പനി. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം.

പ്രീമിയം സെഗ്മെന്റിലേക്ക് കടന്നാൽ ഇക്കൂട്ടത്തിൽ കാമ്രി എന്ന മിടുക്കനുമുണ്ട്. ഇന്ത്യയിൽ ഈ സെഡാന്റെ പുതുതലമുറ മോഡലിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ടൊയോട്ടയിപ്പോൾ. 2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള കാർ മുഖംമിനുക്കിയെത്തുമ്പോൾ കാത്തിരിക്കുന്നതും ആയിരങ്ങളാണ്. 2023-ൽ ആഗോളതലത്തിൽ പുറത്തിറക്കിയ കാമ്രിയുടെ ഒമ്പതാം തലമുറ ആവർത്തനം 2024 ഡിസംബർ 11-ന് ഇന്ത്യയിൽ അവതരിപ്പിക്കും.

നിലവിലുള്ളത് പോലെ പുതിയ മോഡലും കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) കിറ്റുകൾ വഴി അസംബിൾ ചെയ്യുന്നത് തുടരും. എസ്‌യുവി ട്രെൻഡുകൾക്കിടയിൽ പ്രീമിയം സെഡാന് പിടിച്ചുനിൽക്കാനാവുമോയെന്നാണ് എതിരാളികളുടെ ചോദ്യം. അതിനുള്ള ഉത്തരം ഗംഭീര യാത്രാ സുഖത്തിന്റേയും കിടിലൻ മൈലേജിന്റേയും രൂപത്തിൽ ടൊയോട്ട തന്നെ നൽകും. പക്ഷേ കാറിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നമുക്കൊന്ന് നോക്കിയാലോ?

ഡിസൈൻ: ഇക്കാര്യത്തിൽ മുൻഗാമികളേക്കാൾ കിടിലമായിരിക്കും ടൊയോട്ടയുടെ പുതിയ ഹൈബ്രിഡ് കാർ എന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോവുന്ന വലിപ്പവും ഇതിന്റെ പ്രത്യേകതയാണ്. മുൻവശത്ത് വലിയ ട്രപസോയ്‌ഡൽ ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം യു ആകൃതിയിലുള്ള ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ലീക്ക് ഹെഡ്‌ലാമ്പുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

എൽഇഡി ടെയിൽലൈറ്റുകളിൽ സി ആകൃതിയിലുള്ള സ്റ്റൈലിംഗ് കാണാം. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാലും വൃത്തിയോടെയാണ് ടൊയോട്ട കൈകാര്യം ചെയ്‌തിരിക്കുന്നത്. വലിയ ഡയമണ്ട് കട്ട് അലോയ് വീലുകളും ഭംഗിയുള്ളതാണ്. മൊത്തത്തിൽ അളന്ന് നോക്കുമ്പോൾ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാർ ബ്രാൻഡുകളുടെ സെഡാനുകളേക്കാൾ കിടലമാണ് കക്ഷിയെന്ന് പലർക്കും തോന്നിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *