യൂസഫലിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്ഥലവിൽപ്പനയുമായി മുന്നോട്ടുപോകാൻ അധികൃതർ തയ്യാറാവുകയായിരുന്നു.
ലുലു ഗ്രൂപ്പ് ഗുജറാത്തിലെ അഹമ്മദാബാദിൽ വൻ ഭൂമിയിടപാട് നടത്തി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിൽ എസ്.പി. റിംഗ് റോഡിൽ ബാലാജി വില്ല ബംഗ്ലാവിനടുത്തുള്ള സ്ഥലമാണ് എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് 519 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. നഗരത്തിലെ ഏറ്റവും വിലയേറിയ ഈ ഭൂമിക്ക് ഒരു സ്ക്വയർ മീറ്ററിന് 78,500 രൂപ നിരക്കിലാണ് ലുലു ഗ്രൂപ്പ് തുക നൽകിയത്.
502 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഈ ഭൂമിക്കായി മറ്റ് പല പ്രമുഖ കമ്പനികളും രംഗത്തുണ്ടായിരുന്നു. എന്നാൽ കടുത്ത മത്സരത്തിനൊടുവിൽ ലുലു ഗ്രൂപ്പ് ലേലത്തിൽ വിജയിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഈ സ്ഥലത്ത് നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലുലു ഗ്രൂപ്പിന്റെ നിക്ഷേപം ഗുജറാത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാരും വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി 99 വർഷത്തെ പാട്ടത്തിന് ഭൂമി നൽകുന്നതാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ സാധാരണ രീതിയെങ്കിലും, എം.എ. യൂസഫലിയുടെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ച് ഈ ഭൂമി പൂർണ്ണമായി വിൽക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഭൂമി പാട്ടത്തിനെടുക്കുകയായിരുന്നെങ്കിൽ പാട്ടത്തുകയുടെ 18 ശതമാനം ജി.എസ്.ടിയായി നൽകേണ്ടി വരുമായിരുന്നു. എന്നാൽ സ്വന്തമായി വാങ്ങുന്നതിലൂടെ ഈ ബാധ്യത ഒഴിവാക്കാനും വലിയൊരു തുക ലാഭിക്കാനും ലുലു ഗ്രൂപ്പിന് സാധിച്ചു. നിയമപരമായ രേഖകളും നടപടിക്രമങ്ങളും പൂർത്തിയാകുന്ന ഉടൻ തന്നെ മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു.
അഹമ്മദാബാദിൽ ഒരുങ്ങുന്ന പുതിയ ലുലു മാൾ 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരിക്കും നിർമ്മിക്കുക. ഇതിൽ രണ്ടുലക്ഷം ചതുരശ്ര അടി വലുപ്പത്തിൽ വിശാലമായ ഒരു ലുലു ഹൈപ്പർ മാർക്കറ്റും സജ്ജീകരിക്കും. അഹമ്മദാബാദിന് പുറമെ, ഭാവിയിൽ ഗുജറാത്തിലെ മറ്റ് പ്രധാന നഗരങ്ങളിലും ഷോപ്പിംഗ് മാളുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്.