ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂര്‍‌ മുഴപ്പിലങ്ങാട് സ്വദേശിയാണ്.

നവംബര്‍ 29ന് ഉച്ചക്ക് 12.30ന് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റെടുത്തത് പ്രകാരം കൃത്യസമയത്തിന് മുമ്പുതന്നെ മത്രയില്‍നിന്ന് മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബോർഡിങ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂര്‍‌ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ മുറിയില്‍ പോയി വിശ്രമിച്ച് തിരിച്ചുവന്ന് ഗേറ്റിന് സമീപം കാത്തിരിക്കുകയായിരുന്നു.

പറഞ്ഞ സമയം കഴിഞ്ഞും അനൗൺസ്മെന്‍റോ അന്വേഷണമോ കാണാത്തതിനാല്‍ കൗണ്ടറില്‍ ചോദിച്ചപ്പോഴാണ് വിമാനം പറന്ന വിവരം അറിയുന്നത്. ഇദ്ദേഹമടക്കം അഞ്ചുപേരാണ്‌ അവസാനമായി കയറാനുണ്ടായിരുന്നത്. നാലംഗ കുടുംബത്തിലെ ചെറിയ കുട്ടിയെക്കൂടി കൂട്ടത്തില്‍ അഞ്ചായി എണ്ണിയതാണ് എയർ ഇന്ത്യ അധികൃതര്‍ക്ക് പറ്റിയ പിശക്.

തങ്ങള്‍ക്ക് പറ്റിയ തെറ്റ് ആദ്യം സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന അധികൃതര്‍ രാത്രി 2.30നുള്ള വിമാനത്തില്‍ പുതിയ ടിക്കറ്റെടുത്ത് പോകാനാണ് നിർദേശിച്ചത്‌.തന്‍റെ കൈയില്‍ പണം അവശേഷിക്കുന്നില്ലെന്നും ബോർഡിങ് പാസ് തന്ന യാത്രക്കാരനെ ഒഴിവാക്കി വിമാനം പോയത് ഏത് കാരണത്താലാണെന്നും ചോദിച്ചപ്പോൾ പിറ്റേന്ന് വെളുപ്പിന് 2.50ന് കോഴിക്കോട്ടേക്കുള്ള യാത്രാപാസ് നല്‍കുകയായിരുന്നു.

യാത്ര മുടങ്ങിയ സമയത്തെ ഒരു നേരത്തെ ഭക്ഷണം മാത്രം നല്‍കിയിരുന്നുവെങ്കിലും രാത്രി കഴിച്ച ഭക്ഷണത്തിന് പണം ഈടാക്കിയെന്ന് യാത്രക്കാരന്‍റെ മത്രയിലുള്ള മകൻ അറിയിച്ചു. മകന്‍റെ വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *