തങ്ങളുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ കൂടെ കൂട്ടിച്ചേർത്ത് മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള BE 6e, XEV 9e എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വികളിൽ 5 ജി കണക്ടിവിറ്റിയും മൂന്ന് സ്ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാവും. ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ചെന്നൈയിൽ നടന്ന ‘അൺലിമിറ്റ് ഇന്ത്യ’ ഇവന്റിലാണ് മഹീന്ദ്ര ഇവിയെ ഔദ്യോഗികമായി അവതരിപ്പിച്ചത്.
ക്യാബിൻ സ്പേസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി പരന്ന നിലയുള്ള സ്കേറ്റ്ബോർഡ് ലേഔട്ട് ഈ ഡിസൈനിൽ അവതരിപ്പിക്കുന്നു. INGLO പ്ലാറ്റ്ഫോമിൽ സെമി-ആക്റ്റീവ് സസ്പെൻഷൻ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ, അപ്ഡേറ്റ് ചെയ്ത ഇലക്ട്രിക് പവർ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നുവെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു.
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) BE 6eന്റെ പ്രാരംഭവില. 682 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. പവർ കണക്കുകൾ 228 ബിഎച്ച്പിക്കും 281 ബിഎച്ച്പിക്കും ഇടയിലായിരിക്കും. 175kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 20% മുതൽ 80% വരെ ചാർജ് ചെയ്യാം. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ വാഹനത്തിനുണ്ടാകും. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയാണ് മഹീന്ദ്ര നൽകുന്നത്. 2025 ഫെബ്രുവരിക്ക് ശേഷമാകും വാഹനം വിപണിയിൽ ലഭ്യമാകുക.
21.90 ലക്ഷം രൂപ മുതലാണ് XEV 9eയുടെ വില ആരംഭിക്കുന്നത്. BE 6e നേക്കാൾവലിയ വാഹനമാണിത്. 59, 79 കലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്. ജനുവരിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കി.
