E 20 പെട്രോളില്‍ മൈലേജ് പേടിവേണ്ട, ട്യൂണ്‍ ചെയ്യൂ: തുരുമ്പില്‍ തരിമ്പും ആശങ്കവേണ്ടെന്ന് കേന്ദ്രം

20ശതമാമനം എഥനോൾ കലർന്ന പെട്രോൾ പഴയ വാഹനങ്ങൾക്ക് കേടുവരുത്തുമെന്ന പ്രചരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയം. ഇ20 പെട്രോൾ വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെന്നും ഇത് വാഹനങ്ങൾക്ക് യാതൊരു കേടുപാടുകളും വരുത്തുന്നില്ലെന്നുമാണ് കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയം ഉറപ്പുനൽകുന്നത്.

ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന്റെ ഫലമായി വാഹനത്തിന്റെ ഇന്ധനക്ഷമതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. എൻജിൻ ട്യൂണിങ്ങിലൂടെ ഇത് മറികടക്കാനാകും. എന്നാൽ, വാഹനങ്ങളുടെ പ്രകടനം കുറയ്ക്കുകയോ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യില്ലെന്നും മന്ത്രാലയം ഉറപ്പിച്ച് പറയുന്നു. രാജ്യത്തുടനീളമുള്ള പമ്പുകളിൽ ഇ20 ഇന്ധനം എത്തിയതോടെ ഇത് വാഹനങ്ങൾക്ക് ദോഷകരമാണെന്ന ആശങ്കയും വ്യപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

എഥനോൾ എന്നത് പെട്രോളിനെക്കാൾ ഊർജസാന്ദ്രത കുറഞ്ഞ ഇന്ധമാണ്. അതുകൊണ്ടാണ് ഇ20 പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയുന്നത്. ഇ10 നിലവാരത്തിലുള്ള പെട്രോൾ ഉപയോഗിക്കുന്ന തരത്തിൽ ഒരുങ്ങിയിട്ടുള്ള വാഹനങ്ങളിൽ മാത്രമാണ് ഇന്ധനക്ഷമതയിൽ കുറവുണ്ടാകുന്നത്. അതേസമയം, പഴയ വാഹനങ്ങളെ സംബന്ധിച്ച് ഇത്തരത്തിലുള്ള യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

പഴയ വാഹനങ്ങളിൽ ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ എൻജിൻ പാർട്സുകളിൽ തുരുമ്പ് പിടിക്കുമെന്നാണ് മറ്റൊരു ആശങ്ക. എന്നാൽ, തുരുമ്പിനെ പ്രതിരോധിക്കുന്ന സംവിധാനം ഉൾപ്പെടെയുള്ള ബിഐഎസ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇ20 ഇന്ധനം ഒരുങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ മെക്കാനിക്കൽ സംവിധാനങ്ങൾക്കും പ്രകടനത്തിനും കുറവ് സംഭവിക്കുന്നില്ലെന്ന് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

എഥനോൾ ചേർത്ത പെട്രോൾ വാഹനങ്ങളിൽ കേടുപാടുകൾ ഉണ്ടാക്കുമെന്ന പ്രചരണത്തിനെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിതിൻ ഗഡ്കരിയും രംഗത്തെത്തിയിരുന്നു. ഇ20 പെട്രോൾ ഉപയോഗിച്ചതിലൂടെ ഏതെങ്കിലും കാറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും കാണിച്ചുതരണമെന്നുമാണ് മന്ത്രി വെല്ലുവിളിച്ചത്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും എഥനോൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *