വടക്കൻ കേരളത്തിൽ വയനാട് ഒഴിച്ചുനിർത്തിയാൽ വളരെ കുറച്ച് ഹിൽ സ്‌റ്റേഷനുകൾ മാത്രമേ ഉള്ളൂവെന്നാണ് പൊതുവെ ഉയരുന്ന പരാതി. എന്നാൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ എണ്ണംപറഞ്ഞ ഹിൽ സ്‌റ്റേഷനുകൾ ഒട്ടേറെയുണ്ട്. അതിലൊരു ഇടത്തെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്‌റ്റേഷൻ മലപ്പുറത്തിന്റെ ഊട്ടി, മിനി ഊട്ടി എന്നൊക്കെയാണ് അറിയപ്പെടുന്നത്.
ഈ ടൂറിസം കേന്ദ്രത്തിന്റെ പേരാണ് കൊടികുത്തിമല. വായനാടിന്റെയും ഇടുക്കിയുടെയും സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്നവർ പലരും അറിയാത്ത ഈ ടൂറിസം സ്‌റ്റേഷൻ പക്ഷേ അവയേക്കാളും ഒട്ടും പിന്നിലല്ല. മൺസൂൺ കഴിഞ്ഞ ശേഷം തുലാവർഷം കാര്യമായി പെയ്യാതെ വന്നതോടെ കൊടികുത്തിമലയിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്.
ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാണ് അതിന്റെ പ്രധാന കാരണം. ശൈത്യകാലത്തോട് അടുത്തതോടെ കൊടികുത്തിമല കോട മഞ്ഞിന്റെയും തണുപ്പിന്റെയും ഇടമായി മാറിയിരിക്കുകയാണ്. ഈ കാലാവസ്ഥ ആസ്വദിക്കാനും കാഴ്‌ചകാൾ കാണാനുമായാണ് നൂറുകണക്കിന് പേർ കൊടുകുത്തിമല കയറി മുകളിലേക്ക് പോവുന്നത്.
വറ്റാത്ത അരുവികളും മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥയും ഒക്കെ ഈ പ്രദേശത്തെ വേറിട്ട് നിർത്തുന്നു. കോട കാണാൻ ഏറ്റവും നല്ല സീസൺ കൂടിയാണിത്. മലമുകളിൽ നിന്ന് കോടമഞ്ഞ് ഒലിച്ചിറങ്ങുന്നത് പോലെ തോന്നുന്ന ഒരു പ്രതിഭാസമാണ് ഇവിടെ കാണാൻ കഴിയുക. അതിനൊപ്പം എങ്ങോട്ട് നോക്കിയാലും കാണാൻ കഴിയുന്ന പച്ചപ്പും നിങ്ങളുടെ മനസിന് കുളിർമയേകും.
മലപ്പുറത്തെ വെട്ടത്തൂർ, താഴെക്കോട് ഗ്രാമങ്ങളിലായാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരത്തിലായാണ് മലയുടെ സ്ഥാനം. രാവിലെ എട്ട് മണിമുതൽ ഇവിടെ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. ഈ സമയത്ത് പോയാൽ പ്രദേശമാകെ കോട പുതച്ചു നിൽക്കുന്ന കാഴ്‌ച കാണാം. വൈകീട്ട് സൂര്യാസ്‌തമനം കാണാനും നിരവധി പേർ എത്തുന്നുണ്ട്.
ഇവിടേക്കുള്ള ട്രെക്കിംഗ് ഒരിത്തിരി സാഹസികത നിറഞ്ഞതാണ്. ഭൂപ്രകൃതി തന്നെയാണ് അതിന് കാരണം. അത്തരം വെല്ലുവിളികൾ ഏറ്റെടുത്ത് മുകളിൽ എത്തുന്നവരെ കാത്ത് ഒരു വാച്ച് ടവർ, സൂയിസൈഡ് പോയിന്റും ഇരിപ്പുണ്ട്. അതിന് പുറമേ വറ്റാത്ത കുറച്ചധികം നീരുറവകളെ വഹിക്കുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം.
കൊടികുത്തിമലയിലേക്കുള്ള വഴി
പെരിന്തൽമണ്ണ ടൗണിൽ നിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിലാണ് കൊടികുത്തിമല വരുന്നത്. അമ്മിണിക്കാട് വഴിയാണ് അവിടേക്ക് പോവേണ്ടത്. പെരിന്തൽമണ്ണ ടൗണിൽ നിന്ന് അമ്മിണിക്കാട് എത്തിയാൽ അവിടെ നിന്ന് അഞ്ച് കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ താഴേക്കോട് പഞ്ചായത്തിൽ എത്താം. അവിടെ നിന്ന് കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് ലഭ്യമാവും.
