‘5,900 കോടിയുടെ ബിറ്റ്കോയിൻ അടങ്ങിയ ഹാർഡ് ഡ്രൈവ് അബദ്ധത്തിൽ വലിച്ചെറിഞ്ഞു’; 10 വർഷം മുമ്പത്തെ സംഭവം വെളിപ്പെടുത്തി യുവതി

ലണ്ടൻ: 5,900 കോടി രൂപ (569 മില്യൻ പൗണ്ട്) വിലമതിക്കുന്ന 8000 ബിറ്റ്കോയിൻ അടങ്ങിയ മുൻ പങ്കാളിയുടെ ഹാർഡ് ഡ്രൈവ് അബദ്ധത്തിൽ വലിച്ചെറിഞ്ഞതായി യുവതിയുടെ വെളിപ്പെടുത്തൽ. വെയിൽസിൽനിന്നുള്ള ഹൽഫിന എഡ്ഡി ഇവാൻസ് പത്ത് വർഷം മുമ്പ് വീട് വൃത്തിയാക്കുന്നതിനിടെയാണ് ഹാർഡ് ഡ്രൈവ് ഒഴിവാക്കിയത്. ഹൽഫിനയുടെ മുൻ പങ്കാളി ജെയിംസ് ഹോവെൽസിന്റേതാണ് നഷ്ടപ്പെട്ട ഹാർഡ് ഡ്രൈവ്. നിലവിൽ വെയിൽസിലെ ന്യൂപോർട്ട് മാലിന്യ നിക്ഷേപ സൈറ്റിൽ 1,00,000 ടൺ മാലിന്യത്തിന് താഴെയാണ് ഇത് കിടക്കുന്നത്.

“ചപ്പുചവറുകൾ നിറഞ്ഞ ഒരു ബാഗ് മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കാൻ ഹോവൽസ് എന്നോട് പറഞ്ഞു. ബാഗിനുള്ളിൽ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അത് മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു. നഷ്ടപ്പെട്ടത് എന്റെ തെറ്റല്ല. ഹോവെൽസ് അത് കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എനിക്ക് ഒന്നും വേണമെന്നില്ല. അദ്ദേഹം നിരന്തരം അതിനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹാർഡ് ഡ്രൈവ് നഷ്ടപ്പെട്ടത് അവന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു” -ഹൽഫിന പറഞ്ഞു.

മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ നടത്താൻ അനുവാദം നൽകാത്തതിന് ന്യൂപോർട്ട് സിറ്റി കൗൺസിലിനെതിരെ ഹോവെൽസ് 4,900 കോടി രൂപയുടെ (495 മില്യൻ പൗണ്ട്) നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹാർഡ് ഡ്രൈവ് വീണ്ടെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഹോവെൽസ്. ഈ നിധി വേട്ട അവസാനിക്കുന്നില്ലെന്നും ബിറ്റ്കോയിന്റെ മൂല്യം അനുദിനം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു

ഹാർഡ് ഡ്രൈവ് വീണ്ടെടുക്കുകയാണെങ്കിൽ, ന്യൂപോർട്ടിനെ ‘യു.കെയിലെ ദുബായ് അല്ലെങ്കിൽ ലാസ് വേഗസ് ആക്കി വികസിപ്പിക്കുന്നതിന് സമ്പത്തിന്റെ 10 ശതമാനം നൽകും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഹോവെൽസിനു മുന്നിൽ നിയമപരമായ വെല്ലുവിളികൾ തുടരുകയാണ്. പാരിസ്ഥിതിക ചട്ടങ്ങളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടം അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പാരിസ്ഥിതിക ചട്ടപ്രകാരം ഖനനം സാധ്യമല്ലെന്നും അത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *