മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. ടൊവിനോയുടെ കരിയറിനെയും കടന്നുവന്ന വഴികളെയും കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
അയാൾ വന്ന വഴി എളുപ്പമായിരുന്നില്ല. ആരും വഴിയൊരുക്കിയിരുന്നില്ല, പിന്നിൽ വലിയ ഫിലിം ഫാമിലിയില്ല, പക്ഷേ, എന്നാലും ചിലതുണ്ടായിരുന്നു, കഠിന പരിശ്രമവും, ആത്മവിശ്വാസവും, അഭിനയത്തെക്കുറിച്ചുള്ള തീപാറുന്ന ആഗ്രഹവും.
ഓരോ സിനിമയിലും പുതിയ മുഖം, പുതിയ ശൈലി, രൂപം അങ്ങനെ എല്ലാത്തിലും വ്യത്യസ്തത കൊണ്ട് വരാൻ അയാൾ എന്നും ശ്രദ്ധിച്ചിരുന്നു.തന്റെ ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ മുതൽ കഥാപാത്രത്തിന്റെ മനസ്സിന്റെ ആഴം വരെ.
ടൊവിനോ വർക്കൗട്ട് ചെയ്‌തത് ശരീരത്തിന് മാത്രമായിരുന്നില്ല, കരിയറിനും കൂടിയായിരുന്നു.പഠിച്ചത് എഞ്ചിനീയർ ആയിരുന്നിട്ടും, ആ സുരക്ഷിതമായ ജീവിതം വിട്ട് അഭിനയമെന്ന അനിശ്ചിത ലോകത്തേക്ക് ചുവടുവെച്ചത് ഒരു ധൈര്യമായ തീരുമാനം ആയിരുന്നു. ടോവിനോയുടെ വിജയം സിനിമകളിൽ മാത്രമായിരുന്നില്ല, അയാളുടെ ജീവിതത്തിലും കൂടിയായിരുന്നു.
മാധ്യമങ്ങളുമായോ ആരാധകരുമായോ അദ്ദേഹത്തിന്റെ ഇടപെടലുകൾ എല്ലാം സത്യസന്ധത നിറഞ്ഞതായിരുന്നു. സിനിമ പുറത്തിറങ്ങുമ്പോൾ പ്രമോഷനുകൾക്കായി ഒരുപാട് സമയം ചിലവഴിക്കുന്നത്, ഓരോ മീഡിയ ഹൗസിനോടും പെരുമാറുന്ന രീതി, അതൊക്കെ അയാളുടെ പ്രൊഫഷണലിസത്തിന്റെ തെളിവാണ്.
കഥാപാത്രത്തന്റെ പെർഫക്ഷനു വേണ്ടി ഏതറ്റവും പോകാൻ തയ്യാറാകുന്ന യുവ നടനാണ് ടോവി. ഓരോ സിനിമയിലും അയാൾ അയാളെതന്നെയാണ് മറികടക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.ഓരോ കാഴ്ചയും അയാളുടെ ആത്മാർത്ഥതയുടെ അടയാളം തന്നെയാണ്
“പ്രഭുവിന്റെ മക്കൾ” എന്ന സിനിമയിലൂടെ മുഖം കാണിച്ച് തുടങ്ങിയ ടോവിനോ പിന്നീട് ABCD, 7th day, കൂതറ, You too brutus, എന്ന് നിന്റെ മൊയ്തീൻ എന്നീ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തും ഗപ്പി, ഒരു മെക്സിക്കൻ അപാരത, ഗോധ, മായാനദി, തീവണ്ടി തുടങ്ങിയ സിനിമകളിലൂടെ നായകനായും മലയാളികൾക്കിടയിൽ ഇടം പിടിച്ചു.
പിന്നീട് മൾട്ടി സ്റ്റാർ ചിത്രങ്ങളായ ഉയരെ, വൈറസ്, ലൂസിഫർ, 2018 തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. ചാർലി, ആമി, കുറുപ്പ്, മരണമാസ് പോലുള്ള സിനിമകളിൽ ഗസ്റ്റ് റോളുകളിലും നമ്മൾ ടോവിനോയെ കണ്ടു.
കൽക്കി, മിന്നൽ മുരളി, തല്ലുമാല, അജയന്റെ മോഷണം എന്നീ സിനിമകളിലൂടെ ഒരു സ്റ്റാർ മെറ്റീരിയലായി വളർന്നു.അതോടൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡ് ആയിട്ടുള്ള ഒരു കുപ്രസിദ്ധ പയ്യൻ, കള, കാണെക്കാണെ, ഡിയർ ഫ്രണ്ട്, വഴക്ക്, അദൃശ്യജാലകങ്ങൾ, നരിവേട്ട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
മോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളായ ലോക, എമ്പുരാൻ, 2018, ലൂസിഫർ, അജയന്റെ രണ്ടാം മോഷണം എന്നിവയുടെയെല്ലാം ഭാഗമാകാൻ ടോവിനോക്ക് സാധിച്ചു.
ഇന്ന് ടൊവിനോ ഒരു നടൻ മാത്രമല്ല.
ഒരു പ്രചോദനമാണ്,ഒരു സ്വപ്നത്തിന്റെ സാക്ഷ്യമാണ്,ഒരു പരിശ്രമത്തിന്റെ പ്രതീകമാണ്.