160 കോടിയുടെ ഫണ്ടിങ് നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ക്ലൗഡ്സെക്

കൊച്ചി: മലയാളിയായ രാഹുൽ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച് കമ്പനികൾക്ക് മുന്നറിയിപ്പു നൽകുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ക്ലൗഡ്സെക്. ബാങ്കിങ്, ആരോഗ്യ പരിരക്ഷ, പൊതുമേഖല, ടെക്നോളജി എന്നീ മേഖലകളിലായി 250-ലേറെ കമ്പനികൾക്ക് ക്ലൗഡ്സെക് സൈബർ സുരക്ഷ ഒരുക്കുന്നുണ്ട്.

2015-ൽ തുടങ്ങിയ ഈ സംരംഭം ഇപ്പോൾ ഇന്ത്യ, സിങ്കപ്പൂർ, യുഎസ്, യുഎഇ എന്നിവിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. നേരത്തേ പല ഘട്ടങ്ങളിലായി 75 കോടിയുടെ ഫണ്ടിങ് നേടിയിട്ടുണ്ട്. സേവനം കൂടുതൽ മെച്ചപ്പെടുത്താനും ആഗോളതലത്തിൽ വിപണി വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ക്ലൗഡ്സെക് സ്ഥാപകനും സിഇഒയുമായ രാഹുൽ ശശി പറഞ്ഞു.

സൈബർ സെക്യൂരിറ്റി മേഖലയിലെ വിദഗ്ധനായ രാഹുൽ മാവേലിക്കര സ്വദേശിയാണ്. ഓൺലൈൻ വായ്പാ ആപ്പുകളുടെ തട്ടിപ്പ് തടയാനായി റിസർവ് ബാങ്ക് രൂപവത്കരിച്ച ഡിജിറ്റൽ ലെൻഡിങ് കമ്മിറ്റി അഡൈ്വസറായിരുന്നു.

മാസ് മ്യൂച്വൽ വെഞ്ച്വേഴ്സ്, പ്രാണ വെഞ്ച്വേഴ്സ്, ടെനസിറ്റി വെഞ്ച്വേഴ്സ്, കോംവോൾട്ട് എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ടിൽ പണം മുടക്കിയത്. ഗ്രൂപ്പ് മീരാൻ, സ്റ്റാർട്ടപ്പ് എക്സ്സീഡ്, നിയോൺ ഫണ്ട്, എക്സ്ഫിനിറ്റി വെഞ്ച്വേഴ്സ് തുടങ്ങിയ നിലവിലെ നിക്ഷേപകരും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *