ഇന്ത്യയില്‍ അതിശക്തമായ മത്സരം നടക്കുന്ന ഒരു കാര്‍ സെഗ്‌മെന്റാണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സെഗ്‌മെന്റിലേക്ക് അടുത്തിടെ ഒരു പോരാളിയെ ഇറക്കി വിട്ടിരിക്കുകയാണ് സ്‌കേഡ. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡിന്റെ ഏറ്റവും ചെറുതും കുറഞ്ഞ വിലയുള്ളതുമായ കാറിന്റെ പേര് കൈലാക്ക് എന്നാണ്. മലയാളിയായ മുഹമ്മദ് സിയാദാണ് ഈ കാറിന് പേരിട്ടതെന്നത് നമുക്ക് അഭിമാനമാണ്. രണ്ട് ദിവസം മുമ്പാണ് കാറിന്റെ മുഴുവന്‍ വില കമ്പനി പ്രഖ്യാപിച്ചത്. അതിനൊപ്പം ബുക്കിംഗും ആരംഭിച്ചു.
സ്‌കോഡയുടെയും മാതൃബ്രാന്‍ഡായ ഫോക്‌സ്‌വാഗണിന്റെയും കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കാനുള്ള ഒരു കാരണം അവയുടെ പരിപാലനച്ചെലവാണ്. ഈ വിദേശബ്രാന്‍ഡുകളുടെ കാറുകള്‍ ‘തീറ്റിപ്പോറ്റാന്‍’ നല്ല ചെലവാണെന്നതിനാല്‍ വണ്ടിപ്രാന്തന്‍മാരായ ആളുകള്‍ പോലും രണ്ട് വട്ടം ചിന്തിക്കും. എന്നാല്‍ ഇനി അത്തരം ആലോചനകള്‍ ഒന്നും ഇല്ലാതെ സ്‌കോഡയുടെ പുത്തന്‍ കാര്‍ എടുക്കാം എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
കാരണം സെഗ്‌മെന്റിലെ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തനച്ചെലവുള്ള കാറാണ് കൈലാക്ക് എന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. ആദ്യത്തെ 33,333 ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷത്തേക്ക് പരിപാലനച്ചെലവ് കിലോമീറ്ററിന് 0.24 രൂപയായിരിക്കുമെന്ന് സ്‌കോഡ പറയുന്നു. മുകളില്‍ പറഞ്ഞ പോലെ സ്‌കോഡ കാറുകള്‍ കൊണ്ടുനടക്കുന്നത് പോക്കറ്റിന് ഭാരമാണെന്ന ധാരണയുള്ള സമയത്ത് ഇത് അവിശ്വസിനീയമാണെന്ന് പലര്‍ക്കും തോന്നിയേക്കാം.

വാസ്തവത്തില്‍ ആദ്യത്തെ 33333 ഉപഭോക്താക്കള്‍ക്ക് 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് പാക്കേജ് സൗജന്യമായി ലഭിക്കും. ഇതാണ് മെയിന്റനന്‍സ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നത്. 800000 കിലോമീറ്റര്‍ ദൂരം നന്നായി പരീക്ഷണയോട്ടം നടത്തി കുറവുകളെല്ലാം പരിഹരിച്ച് നല്ല രീതിയിലാണ് ഈ കാര്‍ സ്‌കോഡ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യന്‍ വിപണിയാണ് ഇത് ലക്ഷ്യം വെക്കുന്നത് തന്നെ.
മാത്രമല്ല പ്രാദേശികവല്‍ക്കരിച്ച ഘടകങ്ങളാണ് ഈ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പരിപാലനച്ചെലവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ MQB A0 IN പ്ലാറ്റ്‌ഫോം കൊണ്ട് ലക്ഷ്യമിട്ടിരുന്നതും ഇത് തന്നെ ആയിരുന്നു. പരിപാലനച്ചെലവ് കുറയുമ്പോള്‍ തന്നെ കാറുടമകള്‍ക്ക് നല്ല മനസ്സമാധാനം ലഭിക്കും.

കൈലാക്കിലൂടെ തങ്ങളുടെ മോഡലുകള്‍ ഏറെ നാളായി പഴികേട്ടിരുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് സ്‌കോഡ. ഏതായാലും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലെ പൊതു അരങ്ങേറ്റത്തിന് ശേഷം ജനുവരി അവസാനത്തോടെ കാറിന്റെ ഡെലിവറി ആരംഭിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസമാണ് കൈലാക്കിന്റെ മുഴുവന്‍ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചത്.
സ്‌കോഡ കൈലാക്ക് ബേസ് ക്ലാസിക് വേരിയന്റിന് 7.89 ലക്ഷം, സിഗ്‌നേച്ചര്‍ മാനുവലിന് 9.59 ലക്ഷം രൂപയാണ് വില. സിഗ്‌നേച്ചര്‍ ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം, സിഗ്‌നേച്ചര്‍ പ്ലസ് മാനുവലിന് 11.40 ലക്ഷം, സിഗ്‌നേച്ചര്‍ പ്ലസ് ഓട്ടോമാറ്റിക്കിന് 12.40 ലക്ഷം, പ്രസ്റ്റീജ് മാനുവലിന് 13.35 ലക്ഷം, പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിന് 14.40 ലക്ഷം എന്നിങ്ങനെയാണ് വില പോകുന്നത്. എക്്‌സ്‌ഷോറൂം വിലകളാണിത്.
ടോര്‍ണാഡോ റെഡ്, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോള്‍ഡ് എന്നിങ്ങനെ 7 കിടിലന്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, ബട്ടര്‍ഫൈ്ല ഗില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍-ടോണ്‍ തീമില്‍ ക്യാബിന്‍ ക്രമീകരിക്കാം.
8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ സൗകര്യങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു
1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കുന്നു. ഏതായാലും കുറഞ്ഞ വിലയ്‌ക്കൊപ്പം പരിപാലനച്ചെലവ് കൂടി ലഘൂകരിക്കുന്നതിനാല്‍ കൈലാക്ക് സെഗ്‌മെന്റില്‍ കൊടുങ്കാറ്റാകുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും ഈ കാറിനെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞങ്ങളും.
