ഇലക്ട്രിക് വാഹന വിപണിയിലെ ടാറ്റയുടെ ആധിപത്യം തകർത്തെറിയുകയാണ് നമ്മുടെ എംജി മോട്ടോർസ്. കാറുകളുടെ ഭാവി വൈദ്യുത മോഡലുകളാണെന്ന് വീണ്ടും തെളിയിച്ച് ഇവികളിലൂടെ പണം വാരുകയാണ് മോറിസ് ഗരാജ്. ടിയാഗോ ഇവിക്ക് ബദലായി കോമെറ്റ് ഇവി പുറത്തിറക്കി വിജയം നേടിയ എംജി ഇപ്പോൾ വിൻഡ്‌സർ (MG Windsor EV) എന്ന തട്ടുപൊളിപ്പൻ മോഡലിലൂടെ ടാറ്റയുടെ പഞ്ച്, നെക്സോൺ ഇലക്ട്രിക് എസ്‌യുവികളുടെ കഞ്ഞികുടി കൂടി മുട്ടിച്ചിരിക്കുകയാണ്. വിമാനത്തിലേതു പോലെ യാത്രാസുഖം തരുന്ന വിൻഡ്‌സർ ഇലക്ട്രിക് സിയുവിയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
തുടർച്ചയായ രണ്ടാം തവണയും ടാറ്റ നെക്സോൺ ഇവിയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാറായി എംജി വിൻഡ്‌സർ ഇവി മാറിക്കഴിഞ്ഞു. 2024 നവംബറിൽ വിൻഡ്‌സറിൻ്റെ 3,144 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബലത്തിൽ വാർഷിക വിൽപ്പനയിലും എംജിക്ക് 20 ശതമാനം പുരോഗതിയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം മൊത്തം 6019 യൂണിറ്റുകളാണ് എംജി മൊത്തത്തിൽ വിറ്റഴിച്ചത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 15,176 ബുക്കിംഗുകൾ നേടിയ വാഹനം എന്തായാലും വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. വലിയ സ്പേസും ആഡംബര കാറുകളിലേത് പോലത്തെ യാത്രാ സുഖവും സൌകര്യങ്ങളുമെല്ലാം വിൻഡ്‌സർ ഇവിയെ വേറിട്ടു നിർത്തുന്ന സംഗതികളാണ്. എംജി വിൻഡ്‌സർ ഇവി ആണ് ഇന്ത്യയിൽ ആദ്യമായി ബാറ്ററി ഒരു സർവീസ് (BaaS) ഓപ്ഷനായി അവതരിപ്പിക്കുന്ന വാഹനം.
ഇത്തരത്തിൽ എംജി വിൻഡ്‌സർ ഇവി സ്വന്തമാക്കുന്നവർ ബേസ് വേരിയന്റിന് 10 ലക്ഷം രൂപ നൽകിയാൽ മതിയാവും. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും മൂന്ന് രൂപ അമ്പത് പൈസ വാടകയായി നൽകുകയും വേണം. മറുവശത്ത് ഫിക്സഡ് ബാറ്ററി പായ്ക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒറ്റത്തവണ ചെലവ് 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെ വരും. ഏതായാലും രണ്ട് സംഗതികളും വണ്ടി വാങ്ങുന്നവർക്ക് ലാഭം മാത്രമാണ് സമ്മാനിക്കുക.

സ്റ്റാർബർസ്റ്റ് ബ്ലാക്ക്, പേൾ വൈറ്റ്, ക്ലേ ബീജ്, ടർക്കോയ്സ് ഗ്രീൻ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് എംജി വിൻഡ്‌സർ ഇവി വാഗ്ദാനം ചെയ്യുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവർ വാഹനം വാങ്ങാനാവുന്നത്. ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് എംജി വിൻഡ്‌സറിൽ ഒരുക്കിയിരിക്കുന്നത്.
ആര് കണ്ടാലും വാങ്ങാൻ തോന്നുന്ന ഡിസൈനാണ് കാറിനുള്ളത്. മുൻഭാഗത്തെ ബൾബസ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ലൈറ്റ് ബാർ പോലത്തെ ഡിആർഎൽ, ഇലുമിനേറ്റഡ് എംജി ലോഗോ, 18 ഇഞ്ച് ക്രോം അലോയ് വീലുകൾ, ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ, പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ, കണക്റ്റഡ് ടെയിൽലാമ്പുകൾ ക്രോം അലങ്കാരങ്ങൾ എന്നിവയെല്ലാമാണ് വിൻഡ്‌സറിന്റെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്.
15-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, റിക്ലൈയിൻ ചെയ്യാവുന്ന റിയർ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് ഇവിയുടെ ഇൻ്റീരിയറിൽ കിട്ടുക.
സേഫ്റ്റിയിലും പുലിയാണ് കക്ഷി. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർപ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങൾ എംജി വിൻഡ്‌സർ ഇവിയിൽ ഒരുക്കിയിട്ടുണ്ട്.
38 kWh ബാറ്ററി പായ്ക്കാണ് എംജി വിൻഡ്‌സർ ഇലക്ട്രിക് കാറിന് തുടിപ്പേകുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് നൽകാനാവുക. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45 kW DC ഫാസ്റ്റ് ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ വണ്ടി വേഗത്തിൽ ചാർജ് ചെയ്യാനുമാവും.
