57-ാം വയസിലും 18-കാരനാണെന്നാ വിചാരം! ഹിമാലയന്‍ പറപ്പിക്കുന്ന മലയാളികള്‍ക്കും തമിഴര്‍ക്കും പ്രിയപ്പെട്ട നടന്‍

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി ഒരു കാലത്ത് മലയാളി യുവത്വത്തിന്റെ പ്രതീകമായി മാറിയ നടനാണ് റഹ്‌മാന്‍. മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരനായ പത്മരാജന്റെ കണ്ടെത്തലായ റഹ്‌മാന്‍ അക്കാലത്ത് മലയാളത്തിലെ സെന്‍സേഷന്‍ ആയിരുന്നു. 1980-കളില്‍ മലയാളത്തിലെ ജനപ്രിയ നടന്‍മാരില്‍ ഒരാളായ റഹ്‌മാന്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കുടിയേറുകയായിരുന്നു. മലയാളത്തില്‍ ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും അണിയുന്ന സ്റ്റാര്‍ഡത്തിലെത്തുമെന്ന് പ്രതീക്ഷിച്ച നടന്‍ പിന്‍കാലത്ത് സോളോ ഹിറ്റടിക്കാന്‍ പ്രായസപ്പെടുകയും സഹനട വേഷങ്ങളില്‍ ഒതുങ്ങിപ്പോകുകയുമായിരുന്നു. അടുത്ത കാലത്ത് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്റെ ‘1000 ബേബീസ്’ എന്ന ഒറിജിനല്‍ വെബ് സീരീസിലൂടെ വമ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

80-കളുടെ മധ്യത്തിലും 90-കളുടെ തുടക്കത്തിലും ബുള്ളറ്റിലും യമഹ RD 350 ബൈക്കിലും ചുറ്റിനടന്ന് പ്രേമിച്ച റഹ്‌മാന്‍ പലരുടെയും നെസ്റ്റാള്‍ജിക് ഓര്‍മയാണ്. ഇപ്പോള്‍ വയസ്സ് 57 ആയെങ്കിലും ബൈക്കുകളുമായുള്ള തന്റെ ആത്മബന്ധത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്ന റഹ്‌മാന്റെ ഒരു വീഡയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പരുക്കന്‍ ഭൂപ്രദേശത്ത് നടന്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411 ഓടിക്കുന്ന വീഡിയോയാണ് വൈറലായത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നടന്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തികച്ചും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്തിലൂടെ പ്രോ റൈഡര്‍ക്ക് സമാനമായാണ് റഹ്‌മാന്‍ ബൈക്ക് ഓടിച്ചത്. കുറച്ച് സമയം അഡ്വഞ്ചര്‍ ഫാഷനില്‍ എഴുന്നേറ്റ് നിന്ന് റഹ്‌മാന്‍ ഹിമാലയന്‍ ഓടിക്കുന്നത് കാണാം. ഫൂട്‌പെഗ് പൊസിഷനും എര്‍ഗണോമിക്‌സും ഉപയോഗിച്ച് ഈ അഭ്യാസം ചെയ്യാന്‍ ഹിമാലയന്‍ റൈഡേഴ്‌സിനെ അനുവദിക്കുന്നു.

റഹ്‌മാന്റെ ഹിമാലായന്‍ അഭ്യാസം കണ്ട് കമന്റ് ബോക്‌സില്‍ ആരാധകര്‍ അഭിനന്ദനങ്ങളുമായി എത്തി. ചിലര്‍ വീഡിയോ തങ്ങളെ കുറേ വര്‍ഷങ്ങള്‍ പിറകോട്ട് കൊണ്ടുപോയി എന്ന് കമന്റിട്ടു. പ്രായം റഹ്‌മാനെ തളര്‍ത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫ് റോഡിംഗ് കാണാന്‍ അതിശയകരാമാണെന്ന് ഒരു നെറ്റിസണ്‍ കമന്റിട്ടു. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് മനസിലാകുന്നത്. 1000 ബേബീസ് ഷൂട്ട് ചെയ്ത വേളയിലാണോ ഇനി മറ്റേതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയതാണോ വീഡിയോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

വീഡിയോയില്‍ കാണുന്ന ഹിമാലയന്‍ സ്‌റ്റോക്ക് കണ്ടീഷനില്‍ ഉള്ള ഒന്നല്ല. മറിച്ച് ഓഫ്‌റോഡിംഗിന് അനുയോജ്യമായ രീതിയിലുള്ള ടയറുകളും ബോഡിവര്‍ക്കും നടത്തിയ ഒന്നാണ്. 24.3 bhp പവറും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. 800 mm സീറ്റ് ഉയരം വരുന്ന ഹിമാലയന്‍ 411 മിക്ക ആളുകള്‍ക്കും ആക്‌സസ് ചെയ്യാന്‍ സാധിക്കും.

ഹാഫ്-ഡ്യൂപ്ലെക്‌സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഹിമാലയന്‍ നിര്‍മിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്‍വശത്ത് 200 mm ട്രാവലുള്ള ടെലസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് 180 mm ട്രാവല്‍ ഉള്ള മോണോഷോക്ക് യൂണിറ്റുമാണ് റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സഹായത്തോടെ മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഹിമാലയന് ലഭിക്കുന്നത്. സ്വിച്ചബിള്‍ എബിഎസും ഇതിലുണ്ട്.

2.16 ലക്ഷം മുതല്‍ 2.28 ലക്ഷം രൂപ വരെയായിരുന്നു മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. ഹിമാലയന്‍ 452 വിപണിയിലെത്തിയതോടെ പഴയ മോഡല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍ത്തലാക്കിയിരുന്നു. കുറവുകള്‍ പറയാനുണ്ടായിരുന്നെങ്കിലും കോളേജ് പയ്യന്‍മാരുടെ ഹരമായി മാറിയ ഹിമാലയാനാണ് ഇന്ത്യയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് പുത്തന്‍ മേല്‍വിലാസം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ യൂസ്ഡ് മാര്‍ക്കറ്റില്‍ പഴയ ഹിമാലയന്‍ ചോദിച്ച് വരുന്ന ചുള്ളന്‍മാര്‍ നിരവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *