കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതുമായ കാറുകള്‍ നിര്‍മിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയ ബ്രാന്‍ഡ് ആണ് മാരുതി സുസുക്കി. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഈ വാഹനങ്ങളുടെ ജനപ്രീതി എടുത്തുകാണിക്കുന്നു. എസ്‌യുവി ജ്വരത്തിനിടയില്‍ അടുത്ത കാലത്തായി നിറംമങ്ങിയെങ്കിലും ചെറുകാര്‍ വിപണി ഇനിയും ‘തീര്‍ന്നിട്ടില്ല’ എന്നാണ് സെയില്‍സ് ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി വാഗണ്‍ആര്‍ മാറിയത് ഉദാഹരണം.
ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ബജറ്റ്-സൗഹൃദ ഓപ്ഷനുകളിലൊന്നാണ് ആള്‍ട്ടോ K10. കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡലായ ഇത് ആദ്യമായി കാര്‍ വാങ്ങുന്നവര്‍ പരിഗണിക്കുന്ന ഒന്നാണ്. 2025 ജനുവരിയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 കാറിന്റെ 11,352 യൂണിറ്റുകള്‍ മാരുതി വിറ്റഴിച്ചു. ഇതോടെ വില്‍പ്പനയില്‍ എസ്-പ്രെസോ, സെലേറിയോ, ജിംനി തുടങ്ങിയ മറ്റ് മാരുതി മോഡലുകളെ ആള്‍ട്ടോ മറികടന്നു.
പണത്തിനൊത്ത മൂല്യം നല്‍കുന്ന കാര്‍ തേടുന്നവര്‍ക്കിടയില്‍ ആള്‍ട്ടോ K10-ന് ശക്തമായ ഡിമാന്‍ഡ് ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. 4.09 ലക്ഷം രൂപ മുതല്‍ 6.05 ലക്ഷം രൂപ വരെ വിലയുള്ള ആള്‍ട്ടോ ബജറ്റ് കാര്‍ വാങ്ങുന്നവരുടെ പ്രഥമ ഓപ്ഷനാണ്. വൈവിധ്യമാര്‍ന്ന മുന്‍ഗണനകളും ആവശ്യങ്ങളുമുള്ള കസ്റ്റമേഴ്സിനായി നാല് വ്യത്യസ്ത വേരിയന്റുകളില്‍ ഇത് ലഭ്യമാക്കിയിട്ടുണ്ട്.
66 bhp പവറും 89 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10-ന്റെ ഹൃദയം. ഉപഭോക്താക്കള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാം. ബദല്‍ ഫ്യുവല്‍ ചോയ്‌സുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണ്. ഇന്ധനക്ഷമത ഇപ്പോഴും ആള്‍ട്ടോ K10 കാറിന്റെ ഒരു പ്രധാന ഹൈലൈറ്റാണ്.
കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ പൈട്രോള്‍ പതിപ്പ് ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് പവര്‍ ഔട്ട്പുട്ട് കുറയുമെങ്കിലും ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പ് അതിശയിപ്പിക്കുന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ആള്‍ട്ടോ സിഎന്‍ജിക്ക് കിലോഗ്രാമിന് 34 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. നല്ല മൈലേജ് ലഭിക്കുന്ന ചെറുകാര്‍ തേടുന്നവര്‍ക്കിടയിലെ ഇഷ്ട ചോയ്സായി ഇതോടെ ആള്‍ട്ടോ മാറുന്നു

ബജറ്റ് കാര്‍ ആണെങ്കിലും സാധാരണ കുടുബം ആഗ്രഹിക്കുന്ന അത്യാവശ്യം ഫീച്ചറുകള്‍ എല്ലാം ഈ കാറില്‍ ലഭ്യമാണ്. ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, എയര്‍ കണ്ടീഷനിംഗ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഹാലൊജന്‍ ഹെഡ്‌ലാമ്പുകള്‍, സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ആള്‍ട്ടോ K10 കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
താങ്ങാനാവുന്ന വില, ഇന്ധനക്ഷമത, പ്രായോഗിക സവിശേഷതകള്‍ എന്നിവയുടെ സംയോജനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമായ കാര്‍ മോഡലായി ആള്‍ട്ടോ K10-ന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ വിശ്വസനീയവുമായ കാറുകള്‍ക്കുള്ള ഡിമാന്‍ഡിന് കുറവൊന്നും ഇല്ലാത്തതിനാല്‍ ആള്‍ട്ടോ K10 വരും മാസങ്ങളിലും ഇതുപോലെ സ്ഥിരമായ മികച്ച വില്‍പ്പന മാരുതിക്ക് സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. സെലേറിയോ കാറില്‍ നല്‍കിയ പോലെ 6 എയര്‍ബാഗുകള്‍ കൂടി നല്‍കി അപ്ഡേറ്റ് ചെയ്താല്‍ ആള്‍ട്ടോ പിന്നെ വേറെ ലെവലാകും.
