ഇന്ത്യയിൻ ഹാച്ച്ബാക്ക് വിപണിയിലെ കിരീടം വെക്കാത്ത രാജാവാണ് മാരുതി സുസുക്കി ബനേലോ (Maruti Suzuki Baleno). എസ്‌യുവി ട്രെൻഡുകൾക്കിടയിലും മോഡലിന്റെ പതിനായിരക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും കമ്പനി വിറ്റഴിക്കുന്നത്. അടിപൊളി വിലയും 5 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള സ്പേസുമെല്ലാമാണ് ഈ പ്രീമിയം ഹാച്ച്ബാക്കിനെ വേറിട്ടു നിർത്തുന്നത്. ഒപ്പം മാന്യമായ വിലയിൽ നല്ല ഫീച്ചറുകളും ഒന്നാന്തരം മൈലേജും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. 10 ലക്ഷം രൂപ വിലയിൽ കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന ബലേനോ പെട്രോളിലും സിഎൻജിയിലും തെരഞ്ഞെടുക്കാം.
പെട്രോൾ മോഡൽ 22.94 കിലോമീറ്റർ മൈലേജ് തരുമ്പോൾ സിഎൻജിയുടെ ഇന്ധനക്ഷമത കേട്ടാൽ പലരും വായ പൊളിച്ചുപോവും. കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജാണ് ബലേനോ സിഎൻജിയിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനായി മാരുതി സുസുക്കി ബലേനോ ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. അതിനായി പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎൻജി നിരയിലേക്ക് കമ്പനി പുതിയൊരു വേരിയന്റ് അവതരിപ്പിക്കും.
ബലേനോ ആൽഫ സിഎൻജി 1.2 ലിറ്റർ ടോപ്പ് എൻഡായിരിക്കും വിപണിയിലേക്ക് എത്താൻ പോവുന്ന പുതുമോഡൽ എന്നാണ് വിവരം. ഈ വേരിയന്റിന്റെ വില വരും ദിവസങ്ങളിൽ മാരുതി പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ബലേനോ സിഎൻജി നിലവിൽ ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയൻ്റുകളിൽ മാത്രമാണ് വിപണനത്തിന് എത്തുന്നത്. മൂന്നാമതൊരു വേരിയന്റ് കൂടി വരുന്നതോടെ ആളുകളെ ചാക്കിലാക്കാൻ കഴിയുമെന്നാണ് അനുമാനം.

88 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ബലേനോയുടെ പൃദയം. സിഎൻജി പതിപ്പുകളിലേക്ക് എത്തുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവ് വരും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഇന്ധനത്തിൽ ഓടുമ്പോൾ എഞ്ചിന് 76 bhp പവറിൽ 98 Nm torque ആണ് നൽകാനാവുക.
അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ പുതുതായി വരാനിരിക്കുന്ന ബലേനോ ആൽഫ സിഎൻജി ടോപ്പ് എൻഡ് കൂടുതൽ സവിശേഷതകളാൽ സമ്പന്നമായിരിക്കും. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ പോലുള്ള ഫീച്ചറുകളായിരിക്കും ഇതിൽ കിട്ടുക.
കഴിഞ്ഞില്ല, ഇതുകൂടാതെ ലെതർ സ്റ്റിയറിംഗ് വീൽ, സീറ്റ വേരിയൻ്റിന് മുകളിൽ 360-ഡിഗ്രി ക്യാമറ, UV കട്ട് ഗ്ലാസ്, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, പോലുള്ള സവിശേഷതകളും കാറിന് അഴകേകാൻ എത്തും. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ വാഗ്ദാനം ചെയ്യുന്ന കിടിലൻ സേഫ്റ്റി ഫീച്ചറുകളും ബലേനോ സിഎൻജിയിൽ ഉണ്ടാവും.

ബലേനോയുടെ ഷാസിയും ബോഡി പാർട്‌സുകളും ശക്തമായ ഗ്രേഡ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും മാരുതി സുസുക്കി പറയുന്നു. ആയതിനാൽ സുരക്ഷയുടെ കാര്യത്തിൽ മുൻഗാമിയെ അപേക്ഷിച്ച് വാഹനം കൂടുതൽ മെച്ചപ്പെടുത്താൻ രാജ്യത്തെ ഏറ്റവും വലിയ നിർമാണ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ ഡിസയർ കോംപാക്‌ട് സെഡാൻ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയതും മാരുതിയുടെ ഇമേജിന് മോടിയേകിയിട്ടുണ്ട്.
ബലേനോയ്ക്ക് നിലവിൽ 6.60 ലക്ഷം മുതൽ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. പുതിയ സിഎൻജി പതിപ്പിന്റെ വിലയും ഇതിനുള്ളിൽ നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. അടുത്തിടെ വിൽപ്പന കൂട്ടാനായി കമ്പനി ബലേനോയുടെ റീഗൽ എഡിഷനും വിപണിയിൽ കൊണ്ടുവന്നിരുന്നു. കിടിലൻ ആക്‌സസറികൾ ഓപ്ഷണൽ എക്‌സ്ട്രായായി നൽകിയാണ് ഇതിനെ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.

റീഗൽ എഡിഷനൊപ്പം ആൽഫ വേരിയന്റിന് അധികമായി 45,820 രൂപയും, സീറ്റയ്ക്ക് 50,428 രൂപയും, ഡെൽറ്റയ്ക്ക് 49,990 രൂപയും, സിഗ്മയ്ക്ക് 60,199 രൂപയും അധികമായി മുടക്കിയാൽ മതിയാവും. അധികം മുടക്കുന്ന തുകയ്ക്ക് ഗംഭീര ആക്‌സസറികളും കാറിനൊപ്പം ലഭിക്കും. അങ്ങനെ വാഹനത്തിലേക്ക് റോയൽ ഫീൽ കൊണ്ടുവരികയെന്നതാണ് മാരുതി സുസുക്കിയുടെ ഉദ്ദേശം. എന്തായാലും വരാനിരിക്കുന്ന ദിവസങ്ങളിൽ സിഎൻജിയുടെ ടോപ്പ് എൻഡും വിപണിയിൽ ഒരു കലക്ക്കലക്കുമെന്ന് ഉറപ്പാണ്.
