2025 ലും ഞെട്ടിക്കാന്‍ ലുലു ഗ്രൂപ്പ്: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍, ഒറ്റ മെട്രോയില്‍ 3 ഹൈപ്പർമാർക്കറ്റ്

ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വലിയ ചുവടുകള്‍ വെച്ച വർഷമായിരുന്നു 2024. കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ തുറന്ന ഗ്രൂപ്പ് കൊട്ടിയത്തും തൃശൂരിലും ലുലു ഡെയ്‍ലിയിലൂടേയും സാന്നിധ്യം അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് അഹമ്മദബാദില്‍ പുതിയ മാളിനായി 502 കോടി രൂപ മുടക്കി സ്വന്തമായി ഭൂമിയും ലുലു വാങ്ങിച്ചു. മുടങ്ങിപ്പോയ വിശാഖപട്ടണത്തെ പദ്ധതി പുനഃരുജ്ജീവിപ്പിക്കുന്നതും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എംഎ യൂസഫലിയുമായി ചർച്ച നടത്തിയതും ഇക്കാലയളവിലാണ്.

2025 ലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞുപോയ വർഷത്തേക്കാള്‍ വിശാലമായ പദ്ധതികളാണ് ലുലു ഗ്രൂപ്പിന് ഇന്ത്യയിലുള്ളത്. അതില്‍ നിർണ്ണായക സ്ഥാനം കേരളത്തിനുണ്ട്. കൊച്ചിയില്‍ നിർമ്മിക്കുന്ന ലുലുവിന്റെ ഐടി ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജനുവരി അവസാനമോ ഫെബ്രുവരി അവസാനമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 153 മീറ്റർ ഉയരത്തിൽ 30 നിലകളിലായാണ് ലുലു ഐടി ഇൻഫ്ര ബിൽഡ് ഇരട്ട ടവർ നിർമ്മിച്ചിരിക്കുന്നത്. മൊത്തം 34 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ടെങ്കിലും 25 ലക്ഷം ചതുരശ്ര അടിയായിരിക്കും കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുക.

റീടെയില്‍ രംഗത്തെ കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങള്‍ വരുന്നത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും തിരൂരിലുമാണ്. രണ്ടിടത്തും നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ലുലു ഡെയ്‍ലി ആയിരിക്കും ഇവിടെ വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. മിനി മാളിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കേരളത്തിന് പുറത്ത് ലുലു ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി അഹമ്മദാബാദിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മാളാണ് കമ്പനി ഗുജറാത്ത് തലസ്ഥാനത്ത് നിർമ്മിക്കാന്‍ പോകുന്നത്. പദ്ധതിക്കായി അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ (എ എം സി) നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലം 519 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പിന് കൈമാറി. നിർമ്മാണ പ്രവർത്തനങ്ങള്‍ ഈ വർഷം ആരംഭിക്കുമെങ്കിലും ഉദ്ഘാടനം വൈകിയേക്കും. 4000 കോടി രൂപ മുടക്കിക്കൊണ്ടാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ അഹമ്മദബാദില്‍ നിർമ്മിക്കാന്‍ പോകുന്നത്.

വിശാഖപട്ടണത്ത് ആന്ധ്രയിലെ തന്നെ ഏറ്റവും വലിയ മാള്‍ സ്ഥാപിക്കാനാണ് ലുലുവിന്റെ പദ്ധതി. വിശാഖപട്ടണത്ത് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ വമ്പന്‍ പദ്ധതിക ലുലു പ്രഖ്യാപിച്ചിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന ചന്ദ്രബാബു നായിഡു അനുവദിച്ച ഭൂമിയില്‍ ഷോപ്പിങ് മാള്‍ അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ പിന്നാലെ അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ സർക്കാർ ലുലു ഗ്രൂപ്പുമായി ഉടക്കുകയും ഗ്രൂപ്പിന് ചന്ദ്രബാബു നായിഡു സർക്കാർ അനുവദിച്ച ഭൂമി തിരിച്ച് പിടിക്കുകയും ചെയ്തു.

സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്ന ചന്ദബാബു നായിഡു എംഎ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ചില ഇളവുകള്‍ ഉള്‍പ്പെടേയുള്ള വാഗ്ദാനങ്ങളും ലുലുവിന് ലഭിച്ചു. എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് എന്നിവയൊക്കെ ഇവിടെ ഉണ്ടാകും. ഇതിന് പുറമെ വിജയവാഡയിലും തിരുപ്പതിയിലും അത്യാധുനിക നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകളും കമ്പനി സ്ഥാപിക്കും.

ചെന്നൈയില്‍ മൂന്ന് മെട്രോ സ്റ്റേഷനുകളിലായി ലുലുവിന്റെ ഹൈപ്പർമാർക്കറ്റും ഉടന്‍ പ്രവർത്തനം ആരംഭിക്കും. ചെന്നൈ സെൻട്രൽ, ഷേണായി നഗർ, വിംകോ നഗർ എന്നീ സ്റ്റേഷനുകളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് തുറക്കുക. മെട്രോ സ്റ്റേഷനുകളിൽ ഹൈപ്പർമാർക്കറ്റിൻ്റെ സിറ്റി ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നതോടെ മെട്രോ സ്റ്റേഷനുകളിലെ തിരക്കും വർധിക്കും.

ഭൂമി ലഭിക്കുന്നതിന് അനുസരിച്ച മുംബൈയില്‍ ഷോപ്പിങ് മാള്‍ അല്ലെങ്കില്‍ ഹൈപ്പർമാർക്കറ്റ് തന്നെ സ്ഥാപിക്കാനും ലുലുവിന് പദ്ധതിയുണ്ട്. ‘ഭൂമിയുടെ ലഭ്യത അനുസരിച്ച് ഞങ്ങൾ ഒരു മാളോ ഹൈപ്പർമാർക്കറ്റോ മുംബൈയില്‍ പണിയും’ എന്നാണ് ലുലു മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ് വ്യക്തമാക്കിയത്. ഡല്‍ഹി എന്‍സിആർ, നോയിഡ, ഗുരുഗ്രാം, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ഈ വർഷം, അല്ലെങ്കില്‍ വരാനിരിക്കുന്ന വർഷങ്ങളില്‍ ലുലു സാന്നിധ്യം അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *