സർപ്രൈസുകൾ ഒളിപ്പിച്ച് കോട്ടയത്തെ ഞെട്ടിക്കാൻ ലുലു! 3.22 ലക്ഷം ചതുരശ്ര അടിയിൽ വമ്പൻ ഓഫറുകളുമായി 14ന് തുറക്കും

ഡിസംബർ 14 നാണ് കോട്ടയം ലുലുവിന്റെ ഉദ്ഘാടനം, 15 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

അക്ഷര നഗരിക്കുള്ള ക്രിസ്‌മസ് – പുതുവത്സര സമ്മാനമായി കോട്ടയം മണിപ്പുഴയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിലെ ലുലു ഗ്രൂപ്പിൻ്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് കോട്ടയത്തേത്. 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

കോട്ടയത്തെ ഞെട്ടിക്കാൻ ലുലു

രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്രയടിയിലാണ് കോട്ടയം ലുലു സന്ദർശകർക്കായി തുറക്കുന്നത്. ഒരേ സമയം 500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട് പ്രധാന ആകർഷണമാകും. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യമുള്ളതിനാൽ ഒരേസമയം 1,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കും. താഴത്തെ നിലയിലാകും ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുക. കേരളത്തിലെ ആറാമത്തെ ലുലു ഹൈപ്പർ മാർക്കറ്റാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലു മാളുകളിലും കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ തൃശൂർ തൃപയാറിൽ ലുലു വൈ മാളുമുണ്ട്.

വമ്പൻ ബ്രാൻഡുകളെത്തും

രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയ്‌ക്കൊപ്പം മക്ഡൊണാൾസ്, കെ.എഫ്.സി, ലൂയി ഫിലിപ്പ്, കോസ്റ്റ കോഫീ, അമൂൽ തുടങ്ങിയ നിരവധി ബ്രാൻഡുകളുമെത്തും. കുട്ടികളുടെ വിനോദത്തിനായി ഫൺടൂറയും കോട്ടയത്ത് ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *