മുംബയ്: ഇന്ധന വില്‍പ്പന, മൊബൈല്‍ സേവനദാതാക്കള്‍, ഒടിടി പ്ലാറ്റ്‌ഫോം, കായിക മേഖല എന്നിവ ഉള്‍പ്പെടെ അംബാനി കൈവയ്ക്കാത്ത മേഖലകളില്ല. ഇപ്പോഴിതാ വെറും പത്ത് രൂപയ്ക്ക് ആളുകളിലേക്ക് എത്തുന്ന പുതിയ ഒരു സംരംഭം കൂടി ആരംഭിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണേറ്റഡ് പാനീയ വിപണിയിലെ സാദ്ധ്യത കണക്കിലെടുത്ത് ഈ മേഖലയിലും ചുവട് വയ്ക്കാനൊരുങ്ങുകയാണ് അംബാനി.
റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന ഉല്‍പ്പന്നവുമായാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ആര്‍.സി.പി.എല്‍) എത്തുന്നത്. കാമ്പ കോള ബ്രാന്‍ഡ് റിലയന്‍സ് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയുളള പാനീയമാണ് റാസ്‌കിക്ക്. 10 രൂപയാണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. മാമ്പഴം, ആപ്പിള്‍, പഴം, കരിക്ക്, നാരങ്ങ തുടങ്ങിയ ഫ്‌ളേവറുകളിലാണ് റാസ്‌കിക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 750 മില്ലിഗ്രാമിലും റാസ്‌കിക്ക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ശരീരത്തിന് ഊര്‍ജവും ജലാംശവും ആവശ്യമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അനുയോജ്യമായിട്ടാണ് ഈ പാനീയം നിര്‍മിക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ ലഭിക്കാന്‍ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും പാനീയത്തില്‍ അടങ്ങിയിരിക്കുന്നു.
