മധുരത്തിനൊപ്പം ആരോഗ്യവും നേടാം, ഇത് കഴിക്കുന്നത് ശീലമാക്കൂ..!!

ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പേരുകേട്ടതാണ് നെല്ലിക്ക. ഇതിൽ നിറയെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ഗുണം ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സന്തുലിതമാക്കുന്നതിനാൽ പ്രമേഹമുള്ളവർക്കും അതിനു സാധ്യതയുള്ളവർക്കും ഇത് ഗുണം ചെയ്യും എന്ന് വിദഗ്ധർ പറയാറുണ്ട്.

നെല്ലിക്ക ജ്യൂസും, അച്ചാറുമാണ് ഏറെ പ്രചാരത്തിലുള്ളത്. ആരോഗ്യത്തിനും വളർച്ചയ്ക്കും ഗുണം ചെയ്യുമെങ്കിലും രുചി വ്യത്യസം മൂലം ഇത് കുട്ടികളിൽ ഏറെപ്പേർക്കും പ്രിയങ്കരമല്ല. എന്നാൽ ഗുണപ്രദമായ രീതിയിൽ നെല്ലിക്ക ഉപയോഗിക്കാൻ സാധിക്കുന്ന ഒരു റെസിപ്പിയാണ് ലക്ഷ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്നത്.

ചേരുവകൾ

നെല്ലിക്ക

വെള്ളം

ശർക്കര

ഉപ്പ്

ഏലയ്ക്കപ്പൊടി

ഉണക്കമുന്തിരി

തേൻ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് 250 ഗ്രാം നെല്ലിക്ക പൊടിയായി അരിഞ്ഞത് അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത് ചേർക്കാം.

ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് അടച്ചു വെച്ച് കുറഞ്ഞ തീയിൽ വേവിക്കാം.

ഇതേ സമയം മറ്റൊരു പാനിൽ 150 ഗ്രാം ശർക്കര പൊടിച്ചതെടുത്ത് ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് അലിയിച്ചെടുക്കാം.

തയ്യാറാക്കിയ ശർക്കര ലായനി നെല്ലിക്കയിലേയ്ക്കു ചേർത്തിളക്കാം.

വെള്ളം വറ്റിയതിനു ശേഷം ഇതിലേയ്ക്ക് അര ടേബിൾസ്പൂൺ ഏലയ്ക്ക പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്തിളക്കാം.

ശേഷം അടുപ്പിൽ നിന്നും മാറ്റി മൂന്ന് ടേബിൾസ്പൂൺ തേൻ കൂടി ചേർത്തിളക്കി ആവശ്യാനുസരണം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *