ബെംഗളൂരുവിൽ അല്ല, കർണ്ണാടകയിലെ ഐടി ഹബ് വരുന്നത് ഈ നഗരത്തിൽ; 32 കിമി അകലെ, 1050 ഏക്കറിൽ മറ്റൊരു ലോകം

ഇന്ത്യയുടെ സിലിക്കൺ വാലിയാണ് ബെംഗളൂരു. ഐടി ഹബ്ബായി ലോകത്തിനു മുന്നിൽ ഇന്ത്യ അവതരിപ്പിക്കുന്ന നഗരത്തിൽ ലോകത്തിലെ പ്രമുഖ ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും മാത്രമല്ല, ഏറ്റവും മികച്ച തൊഴിൽ സാധ്യതകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. ഐടി സാധ്യതകൾ ഏറ്റവും കൂടുതൽ വളർത്തിയെടുക്കുന്ന ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. ഇപ്പോഴിതാ, കർണ്ണാടകയിൽ മറ്റൊരു ഐടി ഹബ് ആംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കർണ്ണാടക സർക്കാർ. ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്.

ബെംഗളൂരുവിൽ നിന്നും 32 കിലോമീറ്റര്‍ അകലെയുള്ള സർജാപൂരിലാണ് കർണ്ണാടകയിലെ പുതിയ ഐടി ഹബ് വരികയെന്നാണ് റിപ്പോർട്ടുകൾ. കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്‍റ് ബോർഡ് (കെഐഎഡിബി) ന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഈ ഐടി ഹബ്ബിൽ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം സൃഷ്ടിക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ച, കണ്ടുപിടുത്തങ്ങളെയും സാങ്കേതിക മേഖലയെയും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയും ഇതിനോടൊപ്പം പ്രതീക്ഷിക്കുന്നുണ്ട്.

ഇലക്ട്രോണിക്‌സ് സിറ്റി, വൈറ്റ്ഫീൽഡിലെ ഇന്‍റർനാഷണൽ ടെക് പാർക്ക് തുടങ്ങിയ മാതൃകകൾ പോലെ വളർന്നു വരുന്ന വിധത്തിൽ പുതിയ ഐടി ഹബാണ് അധികൃതരുടെ ആശയം. 1,050 ഏക്കർ വിസ്തൃതിയിൽ ആയിരിക്കും ഇത് വികസിപ്പിച്ചെടുക്കുക. ബെംഗളൂരു ഐടി ഹബ് എന്ന ആശയത്തോട് ചേർന്നു നിൽക്കുന്ന വിധത്തിലായിരിക്കും ഇതും നിർമ്മിക്കുക.

ആഗോള നിക്ഷേപവും അന്താരാഷ്ട്ര ശ്രദ്ധയും നേടാൻ ആഗോള നിക്ഷേപക സംഗമത്തിൽ (ജിഐഎം) ആയിരിക്കും സംസ്ഥാന സർക്കാർ വിശദമായ പദ്ധതി അവതരിപ്പിക്കുക. 2025 ഫെബ്രുവരിയിൽ ആണ് ഗ്ലോബർ ഇൻവെസ്റ്റേഴ്സ് മീറ്റ്. പദ്ധതി യാഥാര്‍ത്ഥ്യാകുന്നതോടെ തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുവാനും നവീകരണങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറക്കുന്നതിനു സാധിക്കും. മാത്രമല്ല, കർണ്ണാടക സംസ്ഥാനത്തെ ഐടി, സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ മാറ്റിയെടുക്കുവാനും ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഐടി ഹബ്ബിനായുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ തീരുമാനമെടുത്തു വേണം മുന്നോട്ടു പോകുവാൻ. നിലവിൽ ഹബ് കൊണ്ടുവരാനുദ്ദേശിക്കുന്ന സ്ഥലത്ത് മൾബറി, പച്ചക്കറികൾ തുടങ്ങിയ വിളകൾക്കായി ഉപയോഗിക്കുന്ന കൃഷിഭൂമികൾ ഉണ്ട്. ഇത് കർഷകരിൽ നിന്ന് ഏറ്റെടുക്കേണ്ടി വരുമ്പോൾ അവർക്ക് ന്യായമായ നഷ്ടപരിഹാരവും പകരം ഭൂമിയും നല്കാമെന്ന് സർക്കാർ വാഗ്ജാനം നല്കിയിട്ടുണ്ട്. ദേവനഹള്ളി, ദൊഡ്ഡബല്ലാപുര തുടങ്ങിയ വ്യവസായ പാർക്കുകളിൽ ആണ് പരം ഭൂമി കർഷകർക്ക് നല്കുക,

സാമ്പത്തിക വളര്‍ച്ചയും ആഗോള നിക്ഷേപവും ലക്ഷ്യമിടുന്നാണ് പദ്ധതിയങ്കിലും ബെംഗളൂരുവിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളിലുള്ള ബുദ്ധിമുട്ടും ഇവിടെയും ആശങ്കയുണർത്തുന്നു. കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടെങ്കിൽ ഇതിനെ മറികടക്കാൻ സാധിക്കു.

Leave a Reply

Your email address will not be published. Required fields are marked *