കോഴിക്കോട്: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിലവിവരപ്പട്ടികയുമായി ബന്ധമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസം മുതലാണ് സോഷ്യൽ മീഡിയയിലും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും പുതുക്കിയ വിലവിവരപ്പട്ടികയെന്ന നിലയിൽ ഈ നോട്ടീസ് പ്രചരിച്ചത്. ഈ വിലവിവരം കണ്ട് പലരും സോഷ്യൽ മീഡിയയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അസോസിയേഷൻ ഭാരവാഹികൾ വിശദീകരണവുമായി രംഗത്തെത്തിയത്.
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ പേര് വച്ചിറക്കിയ നോട്ടീസ് നാഥനില്ലാത്ത ഒന്നാണെന്നും ഇത്തരത്തിൽ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികൾ പറയുന്നു. നിലവിൽ 50 രൂപ മുതൽ ബിരിയാണി ലഭിക്കും. അങ്ങനെ വരുമ്പോൾ വലിയ വില കൊടുത്ത് വാങ്ങിയ അരി കൊണ്ട് ബിരിയാണി ഉണ്ടാക്കി വിൽക്കുന്നവരോട് എങ്ങനെ നിശ്ചിത വില നിർദ്ദേശിക്കാൻ കഴിയുമെന്നാണ് സംഘടനയുമായി ബന്ധപ്പെട്ടവർ ചോദിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണെന്ന് കച്ചവടക്കാർ പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ഭക്ഷ്യ വസ്തുക്കൾക്ക് എല്ലാം വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ വ്യാപാരികളുടെ നെഞ്ചിൽ തീയാണ്. എന്നാൽ ഈ രീതിയിൽ അധികാരമില്ലാതെ വില വിവരപ്പട്ടിക പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
