കോട്ടയം ലുലു മാള്‍ എന്ന് തുറക്കും? പ്രഖ്യാപനം ഇതാ: ലക്ഷ്യം വെക്കുന്നത് 55 ലക്ഷത്തിലധികം പേരെ

കോട്ടയം: കോട്ടയം ലുലു മാള്‍ ഡിസംബറില്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. ഡിസംബർ പകുതിയോടെ മാള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഷോപ്പിംഗ് മാള്‍ ഡയറക്ടർ ഷിബു ഫിലിപ്പ് വ്യക്തമാക്കി. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ അഞ്ചാമത്തെ ലുലുമ മാളാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ സംസ്ഥാനത്ത് മാളുകളുള്ളത്.

ഇത് കേരളത്തിലെ ടയർ-3 വിപണികളിലുടനീളം ലുലു ഗ്രൂപ്പിൻ്റെ മിനി മാളുകള്‍ നിർമ്മിക്കുകയെന്ന വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്.” ഷിബു ഫിലിപ്പ് പറഞ്ഞു. കോട്ടയത്തെ മാളിന് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാള്‍ പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷത്തിൽ തന്നെ 55 ലക്ഷത്തിലധികം ആളുകൾ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലേയും തിരുവനന്തപുരത്തേയും പോലെ വലിയ മാള്‍ അല്ല കോട്ടയത്ത് വരുന്നത്. പാലക്കാടും കോഴിക്കോടും തുറന്നത് പോലുള്ള മിനി മാളാണ് കോട്ടയത്തേത്. 2023 ഡിസംബറിലാണ് സംസ്ഥാനത്തെ ആദ്യ മിനിമാള്‍ ലുലു ഗ്രൂപ്പ് പാലക്കാട് തുറക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട്ടെ മാളും പ്രവർത്തനമാരംഭിച്ചു. കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂർ, കൊട്ടിയം എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പ് തങ്ങളുടെ മിനി മാളുകള്‍ തുറക്കും.

1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റേയും ശ്രദ്ധാ കേന്ദ്രം. അതോടൊപ്പം തന്നെ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്റ്റും സജ്ജീകരിച്ചിട്ടുണ്ട്. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമേർത്ത് എന്നിവയുൾപ്പെടെ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20-ലധികം പ്രാദേശിക, ദേശീയ, അന്തർദേശീയ ബ്രാൻഡുകളും മാളില്‍ ഉപഭോക്താക്കളെ വരവേല്‍ക്കാനായി തയ്യാറാണ്.

ഒരേസമയം 400 പേർക്ക് ഇരിക്കാവുന്ന ഫുഡ്കോർട്ടില്‍‍ചിക്കിംഗ്, മക്‌ഡൊണാൾഡ്‌സ്, കെ എഫ്‌ സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളും തയ്യാറാണ്. അതോടൊപ്പം തന്നെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ആകർഷകമായ വിനോദ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 9000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററും മാള്‍ തയ്യാറാക്കിയിട്ടുണ്ട്.അതേസമയം, കേരളത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ പ്രാവർത്തികമായിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍ ലുലു ഗ്രൂപ്പ് മാളുകള്‍ തുറക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാളാണ് അഹമ്മദാബാദില്‍ തുറക്കാന്‍ പോകുന്നത്. ഇതിന്റെ സ്ഥലമേറ്റെടുക്കല്‍ പൂർത്തിയായി. മാളുകള്‍ക്ക് പുറമെ ശ്രീനഗർ, അമൃത്സർ, നോയിഡ എന്നിവിടങ്ങളില്‍ ഫുഡ് പ്രൊസസിങ് കേന്ദ്രങ്ങളും ലുലു സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *