കണ്ടതൊന്നുമല്ല, വരാനിരിക്കുന്നത് വലിയ മാറ്റങ്ങളെന്ന് സൂചന; iPhone 17ന്റെ വിവരങ്ങള്‍ പുറത്ത്

ഐഫോൺ 17 മോഡലുകളുടെ ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമായി ക്യാമറ ബമ്പ് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് വരുന്നതെന്നാണ് ആപ്പിൾ ഉത്പന്നങ്ങളേപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ആപ്പിൾട്രാക്ക്എന്ന വെബ്സൈറ്റ് പറയുന്നത്. 2025 സെപ്റ്റംബറിൽ ഐഫോൺ 17 മോഡലുകളുടെ ആഗോള ലോഞ്ച് നടക്കുമെന്നാണ് ആപ്പിൾട്രാക്ക് അവകാശപ്പെടുന്നത്. ഐഫോൺ 16 പ്രൊ സീരിസിന്റെ പുതിയ വേർഷൻ ആകും 17 പ്രൊ എന്നാണ് കരുതുന്നത്. എന്നാൽ അത് മാത്രമാകില്ല, ഡിസൈനിൽ അടക്കം മാറ്റങ്ങൾക്ക് വിധേയമായാണ് വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പ്രകാരം പുതിയ മോഡലിൽ ഐഫോൺ 17, ഐഫോൺ 17 സ്ലിം, ഐഫോൺ 17 പ്രൊ, ഐഫോൺ 17 പ്രോമാക്സ് എന്നിങ്ങനെ നാല് വേരിയന്റുകൾ ഉണ്ടാകും. ഐഫോൺ 17 സ്ലിം എന്ന വേരിയന്റ് പുതിയതാണ്. ഇതിനുമുമ്പ് ഇറങ്ങിയ മോഡലുകളിൽ സ്ലിം വേരിയന്റ് ആപ്പിൾ ഉൾപ്പെടുത്തിയിരുന്നില്ല. ഐഫോൺ 17 പ്ലസ് വേരിയന്റിന് പകരമാണോ അതോ പ്ലസ് വേരിയന്റ് വേറെയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടൈറ്റാനിയത്തിന് പകരം അലുമിനിയം ബോഡിയിലാകും ഐഫോൺ 17 മോഡലുകൾ വരിക. ഇത് ഭാരം കുറയ്ക്കാൻ ഇടയാക്കും.

ഐഫോൺ 11 മുതൽ അനുവർത്തിച്ചുവരുന്ന ക്യാമറ ബമ്പിനും മാറ്റമുണ്ടാകും. ഗ്ലാസ് നിർമിത ക്യാമറ ബമ്പാണ് ഇപ്പോഴുള്ളതെങ്കിൽ 17 മോഡലുകളിൽ അത് അലുമിനിയത്തിലേക്ക് മാറും. എന്നാൽ ഫോണിന്റെ പുറകുവശത്തിന്റെ ബാക്കിയുള്ള ഭാഗം ഗ്ലാസിൽ തന്നെയാകും നിർമിക്കുക. വയർലെസ് ചാർജിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് വേണ്ടിയാണ് ഇത് നിലനിർത്തുക. ക്യാമറ ബമ്പ് ചതുരമായ രീതിയിൽ നിന്ന് നീളൻ രീതിയിലേക്ക് മാറുമെന്നാണ് ആപ്പിൾ ട്രാക്ക് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ മുൻമോഡലുകളിൽ നിന്ന് വലിയവ്യത്യാസമാകും ഐഫോൺ 17ന് അനുഭവപ്പെടുക.

ഐഫോൺ 17

ഐഫോൺ 17 മോഡലിന് 6.3 ഇഞ്ച് ഡിസ്പ്ലേ ആകും ഉണ്ടാകുക. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്മൂത്ത് ഡിസ്പ്ലേ ആയിരിക്കും. ഏറ്റവും പുതിയ എ19 ചിപ്പ് സെറ്റാകും 17ലുണ്ടാകുക. കാര്യക്ഷമതയും പ്രവർത്തനവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. എട്ട് ജിബി റാം മൾട്ടി ടാസ്കിങ് എളുപ്പമാക്കാനുപകരിക്കും. ഐഫോൺ 17ന് ഇരട്ട ക്യാമറയാകും പിൻവശത്ത് ഉണ്ടാകുക. ഹൈ ക്വാളിറ്റി വീഡിയോയും ചിത്രങ്ങളും എടുക്കാൻ കഴിയുന്ന ക്യാമറ സംവിധാനമാണ് 17ലുണ്ടാവുക. 2025 സെപ്റ്റംബറിൽ ഫോൺ പുറത്തിറങ്ങും. 799 ഡോളർ ( ഏകദേശം 67,473 രൂപ) ആകും ഐഫോൺ 17ന് വരിക. അന്തിമ വിലയിരുത്തലുകളിൽ ഇന്ത്യയിലെ വിലയിൽ വ്യത്യാസം വരാം.

ഐഫോൺ 17 പ്രോ

ഐഫോൺ സീരിസുകളിലെ ഹൈ എൻഡ് ഫീച്ചറുകളുൾപ്പെടുത്തിയവയാണ് പ്രോ വേരിയന്റുകൾ. ഐഫോൺ 17 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിന് 6.9 ഇഞ്ച് ഡിസ്പ്ലേയുമാകും ഉണ്ടാകു. രണ്ടിനും 120 ഹെർട്സ് റിഫ്രഷ് റേറ്റാകും ഉണ്ടാകുക. ഏറ്റവും പുതിയ എ19 ചിപ്പ്, 12 ജിബി റാം എന്നിവയുണ്ടാകും. 48എംപി ക്യാമറ സംവിധാനമാകും പ്രോ മോഡലുകളിൽ ഉണ്ടാകുക. ഐഫോൺ 17 പ്രോ മോഡലിന് 1099 ഡോളർ ( 92,796 രൂപ) ആകും വില, പ്രോ മാക്സിന് 1199 ഡോളർ ( 1,01,240 രൂപ) ആകും വില വരിക.

ഐഫോൺ 17 സ്ലീം

ഇത് നിലവിലെ പ്ലസ് വേരിയന്റുകൾക്ക് പകരമായി അവതരിപ്പിക്കുന്നതാണ് എന്നാണ് സ്പെസിഫിക്കേഷനുകളിൽ നിന്ന് വ്യക്തമാകുന്നത്. 6.5 ഇഞ്ച് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, എ19 ചിപ്പ്, എട്ട് ജിബി റാം. എന്നിവയാണ് ഇതിനെപ്പറ്റി പുറത്തുവന്ന വിവരങ്ങളിലുള്ളത്. വില 1299 ഡോളർ ( 1,09,683 രൂപ) ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ ഭാരം കുറഞ്ഞ ഐഫോൺ എയർ എന്നൊരു വേരിയന്റുകൂടി ഉണ്ടായേക്കുമെന്നാണ് പറയപ്പെടുന്നത്. അഞ്ച് മില്ലീമീറ്റർ മുതൽ ആറ് മില്ലിമീറ്റർ വരെ മാത്രം കനമുള്ള ഈ ഫോൺ ഏറ്റവും സ്ലീം ആയ ഫോൺ ആയിരിക്കും. ഒരു ക്യാമറ മാത്രമായിരിക്കും പിൻവശത്തുണ്ടാകുക. ഇതിന് ആപ്പിളിന്റെ ആദ്യത്തെ 5ജി ചിപ്പാകും ഉപയോഗിക്കുക. ഇ- സിമ്മിനൊപ്പം പരമ്പരാഗത സിം ഉപയോഗിക്കാനുള്ള ട്രേയും ഇതിനുമുണ്ടാകും. എന്നാൽ ബാറ്ററി വളരെ ചെറുതാണെന്നാണ് ആപ്പിൾ ട്രാക്ക് അവകാശപ്പെടുന്നത്. ഭാരവും ഫോണിന്റെ കനവും കുറയ്ക്കാൻ വേണ്ടിയാണെന്നാണ് അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *