ഒന്നര മാസം കൊണ്ട് രണ്ട് ലക്ഷം വരെ വരുമാനം കിട്ടും; കേരളത്തില്‍ ആര്‍ക്കും പരീക്ഷിക്കാവുന്ന മോഡല്‍

വരുമാനം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. അതിനായി ജോലിക്ക് പുറമേ അധിക വരുമാനം നല്‍കുന്ന ഒരു സംരംഭം, എല്ലാവരുടേയും മനസ്സിലുണ്ടാകും അത്തരമൊരു ആശയം. എന്നാല്‍ പലപ്പോഴും റിസ്‌ക് എടുക്കാന്‍ മടിച്ചാണ് ഇതിന് തയ്യാറാകാത്തത്. എന്നാല്‍ വെറും ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയുന്ന ഒരു മോഡല്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. ഇത് ആര്‍ക്കും ചെയ്ത്‌നോക്കാവുന്ന ഒന്ന് കൂടിയാണ്.

കുടുംബശ്രീ മിഷന്റെ കേരള ചിക്കന്‍ പദ്ധതിയാണ് സംഗതി. പതിനായിരം കോഴികളെ വളര്‍ത്തുന്നതാണ് പദ്ധതി. ലക്ഷങ്ങള്‍ സമ്പാദിക്കാനാകുന്ന ഈ പദ്ധതിയുടെ ഭാഗമാകാന്‍ ആദ്യം ചെയ്യേണ്ടത് പതിനായിരം കോഴികളെ വളര്‍ത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കൂട് നിര്‍മിക്കുകയെന്നത് മാത്രമാണ്. കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവയെല്ലാം കേരള ചിക്കന്‍ കമ്പനി എത്തിക്കും. വളര്‍ത്തുക, വില്‍ക്കുക, ലാഭമെടുക്കുക എന്നതു മാത്രമേ പദ്ധതിയുടെ ഭാഗമാകുന്നവര്‍ ചെയ്യേണ്ടതുള്ളൂ.

മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആയിരുന്നു കേരള ചിക്കന്‍ എന്ന ആശയത്തിന് പിന്നില്‍. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കേരള ചിക്കന്‍ പദ്ധതി സംസ്ഥാനത്താകെ ആരംഭിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് കോഴിയിറച്ച് വിതരണം ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് ഇപ്പോള്‍ കൂടുതല്‍ പേരെ കേരള ചിക്കന്‍ പ്രോജക്റ്റിന്റെ ഭാഗമാക്കുന്നത്.

പദ്ധതി ഇങ്ങനെ

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞും തീറ്റയും കമ്പനി ലഭ്യമാക്കും. മരുന്ന്, വാക്‌സീന്‍ എന്നിവയ്ക്കു ചെലവായ തുകയും ലഭിക്കും.

തദ്ദേശ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ് ഉണ്ടായിരിക്കണം. എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് വേണ്ടതില്ല. അത് സംസ്ഥാനമാകെ ഉടന്‍ നടപ്പാകും.

ഫാമിലേക്കുള്ള വഴി വലിയ വാഹനങ്ങള്‍ക്ക് പോവാന്‍ സൗകര്യം വേണം

വ്യക്തിക്കോ നാലുപേരടങ്ങുന്ന സംഘമായോ തുടങ്ങാം.

ഗ്രൂപ്പ് അംഗങ്ങള്‍ ഒരേ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം.

അപേക്ഷ ലഭിച്ചതിനുശേഷം ചെയര്‍പഴ്‌സനും ബ്ലോക്ക് കോ ഓര്‍ഡിനേറ്ററും ഫാം സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യം വിലയിരുത്തണം. ഫാം സൂപ്പര്‍വൈസര്‍ ഫാം സന്ദര്‍ശിച്ചശേഷം കമ്പനിയുടെ മാനദണ്ഡം പ്രകാരമാണോ എന്നു വിലയിരുത്തും. തുടര്‍ന്ന് അപേക്ഷ ജില്ലാ മിഷനില്‍ സമര്‍പ്പിക്കും.

ഒരു കോഴിക്ക് 1.2 സ്‌ക്വയര്‍ഫീറ്റ് എന്ന നിലയ്ക്കാണ് സ്ഥലം വേണ്ടത്. ഇത്തരത്തില്‍ ആയിരം മുതല്‍ പതിനായിരം കോഴികളെ വരെ വളര്‍ത്താനുള്ള സൗകര്യമൊരുക്കി അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമാകാന്‍ 7 ലക്ഷം രൂപ സബ്‌സിഡിയോടെ 20 ലക്ഷം രൂപ വരെ വ്യവസായ വകുപ്പും ഖാദി ബോര്‍ഡും അനുവദിക്കും. 40 ദിവസങ്ങള്‍ക്ക് ശേഷം കോഴിയെ തിരിച്ചെടുക്കും. ഒരു കിലോയ്ക്ക് ആറ് രൂപ – 13 രൂപ വരെയാണ് സംരംഭകന് ലഭിക്കുക. വായ്പ ലഭിക്കുവാന്‍ കേരള ചിക്കന്‍ കമ്പനിക്ക് സെക്യൂരിറ്റിയായി ഒരു രേഖയും നല്‍കേണ്ടതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *