കാലങ്ങളായി ഇവികളെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഡരി. ഇലക്‌ട്രിക് മൊബിലിറ്റി ഇന്ത്യയിൽ വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കും എന്നും ഇന്ധന ഇറക്കുമതിയിൽ ബിൽ വെട്ടിക്കുറച്ച് ഫോറിൻ എക്സ്ചേഞ്ചിന്റെ കാര്യത്തിൽ രാജ്യത്തിന് ശതകോടിക്കണക്കിന് രൂപ ലാഭം നേടാനും സഹായിക്കും എന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയ BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളിൽ മന്ത്രി ഒരു ടെസ്റ്റ് റൺ നടത്തി, ഇരു എസ്‌യുവികളിലെയും ചെറിയ യാത്രയ്ക്ക് ശേഷം അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
അത്യാധുനിക സാങ്കേതിക വിദ്യയുമായി വരുന്ന ലോകോത്തര നിലവാരമുള്ള ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിന് മഹീന്ദ്രയെ ഗഡ്ഗരി തൻ്റെ ട്വീറ്റിലൂടെ അഭിനന്ദിച്ചു. നിലവിൽ ലഭ്യമായ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യൻ കാർ കമ്പനികൾ ആഗോള തലത്തിലുള്ള വൻ ഭീമന്മാരുമായി മത്സരിക്കുന്നത് അഭിമാനകരവും സന്തോഷകരവുമാണെന്ന് അദ്ദേഹം ഈ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മഹീന്ദ്രയ്ക്ക് എല്ലാ ആശംസകളും നേരുന്നതാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ കുറിപ്പ്. അദ്ദേഹത്തിൻ്റെ ട്വീറ്റ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും റീട്വീറ്റ് ചെയ്തു, ഗഡ്ഗരിക്ക് മഹീന്ദ്ര നന്ദി പറഞ്ഞു. രാജ്യത്തെ നിലവിലെ ബെസ്റ്റ് ഇവികൾ നിർമ്മിച്ച മഹീന്ദ്രയ്ക്ക് ഇത് ഒരു വലിയ പ്രചോദനവും അനുമോദനവുമാണ് എന്നാണ് വെബ്ബിൽ ഇതിനു താഴെ കമന്റ് ബോക്സിൽ വരുന്ന പ്രതികരണങ്ങളും.
മഹീന്ദ്ര BE 6, XEV 9e എന്നിവയിൽ ഗഡ്ഗരിയുടെ ഈ ടോസ്റ്റ് റൺ സംഘടിപ്പിച്ചത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രസിഡൻ്റ് ഡോ. അനീഷ് ഷായാണ്. ഡോ. ഷാ മഹീന്ദ്ര ഉദ്യോഗസ്ഥർക്കൊപ്പം രണ്ട് കാറുകളും ഗഡ്ഗരിയുടെ ഡൽഹിയിലെ വസതിയിലേക്ക് എത്തിക്കുകയായിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി ഇരു മോഡലുകളും പരീക്ഷിച്ചു നോക്കി സംതൃപ്തനാവുകയും ചെയ്തു.
മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികൾ വിൽപ്പനയ്ക്ക് എത്തിക്കുന്നതിനു മുമ്പ് എല്ലാ വിധത്തിലും അവയുടെ ആവേശം ജനങ്ങിലേക്ക് എത്തിക്കുന്ന, ഇവ രണ്ടും 2025 ജനുവരിയിൽ ഔദ്യോഗികമായി കമ്പനി പുറത്തിറക്കും. മുഴുവൻ വേരിയൻ്റ് ലൈനപ്പിൻ്റെയും വിലകൾ അപ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തും. XEV 9e, BE 6 എന്നിവ രാജ്യത്തുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയെങ്കിലും ടെസ്റ്റ് ഡ്രൈവുകൾ ഈ മാസം അവസാനമേ ആരംഭിക്കൂ.
ഇവികൾക്കായുള്ള ബുക്കിംഗ് 2025 ജനുവരിയിൽ ആരംഭിക്കും, 2025 ഫെബ്രുവരി മുതൽ വാഹനങ്ങളുടെ ഡെലിവറികൾ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. പൂനെയിലെ ചകൻ ഫാക്ടറിയിൽ നിന്ന് ഓരോ മാസവും BE 6, XEV 9e എന്നിവയുടെ 7,500 യൂണിറ്റുകൾ നിർമ്മിക്കാനാണ് മഹീന്ദ്ര നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.
BE 6 പ്രതിമാസം ഏകദേശം 4,000 യൂണിറ്റുകൾ വിൽപ്പന കൈവരിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ, ബാക്കി വിൽപ്പന XEV 9e -ൽ നിന്ന് ഉണ്ടാവും എന്ന് മഹീന്ദ്ര പ്രതീക്ഷിക്കുന്നു. BE 6 -ൻ്റെ ബേസ് മോഡലിന്റെ വില 18.9 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം XEV 9e -യുടെ അടിസ്ഥാന മോഡൽ 21.9 ലക്ഷം രൂപ മുതൽ വിൽപ്പനയ്ക്ക് എത്തും.
രണ്ട് ഇലക്ട്രിക് എസ്‌യുവികളും കണ്ണഞ്ചിപ്പിക്കുന്ന നൂതന ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും കൊണ്ട് ലോഡ് ചെയ്തതാണ്. ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായ ഒരു കാറിൽ നമ്മൾ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇവ വേറെ ലെവലാണ് എന്ന് എല്ലാവരും തന്നെ അഭിപ്രായപ്പെടുന്നു.
