“പാചകവാതകത്തിനോ മണ്ണെണ്ണയ്ക്കോ ബദലായി പരിസ്ഥിതി സൗഹൃദമായ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നൂതനമായ ഒരു പാചക സംവിധാനമാണ് എഥനോൾ കുക്ക്ടോപ്പ്.”
ഇന്ത്യൻ അടുക്കളകളുടെ ഭാവി എഥനോൾ സ്റ്റൗവുകളിലാണെന്നും ആ കാലം വിദൂരമല്ലെന്നും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള സാഹചര്യങ്ങൾ രാജ്യത്തെ ബയോഫ്യൂവൽ (ജൈവ ഇന്ധന) മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽ.പി.ജി.യെ അമിതമായി ആശ്രയിക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറ്റം വരുത്താൻ എഥനോൾ പോലുള്ള ഹരിത ഇന്ധനങ്ങൾ (Clean Energy) ഇന്ത്യയെ സഹായിക്കുമെന്ന് സഞ്ജീവ് ചോപ്ര. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഭാവിയിൽ പാചകവാതക ലഭ്യതയെ ബാധിച്ചേക്കാമെന്ന വിലയിരുത്തലിൽ, ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികൾ രാജ്യം ഇതിനകം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എഥനോളിന്റെ ഉപയോഗം പെട്രോൾ ബ്ലെൻഡിംഗിൽ മാത്രം ഒതുക്കരുതെന്നും പാചകവാതക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും വാണിജ്യ മേഖല. കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള എഥനോൾ ലഭ്യത പ്രയോജനപ്പെടുത്തുന്നതിലൂടെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും എഥനോൾ അടുപ്പുകൾ വ്യാപകമാക്കാനും വ്യവസായ പ്രതിനിധികൾ ആവശ്യപ്പെട്ടു.
എന്താണ് എത്തനോൾ കുക്ക് സ്റ്റൗ?
എത്തനോൾ എന്ന ദ്രാവക ഇന്ധനം നേരിട്ട് കത്തിച്ച് പ്രവർത്തിക്കുന്നവയാണ് ഈ അടുപ്പുകൾ. പാചകവാതകത്തെയോ (LPG) വൈദ്യുതിയെയോ ആശ്രയിക്കാതെ തന്നെ ഇവ ഉപയോഗിക്കാം എന്നത് ഇതിന്റെ പ്രത്യേകതയാണ്.
പ്രവർത്തനരീതി
ഇന്ധന ടാങ്ക്: സ്റ്റൗവിനോട് ചേർന്നുള്ള ചെറിയ ടാങ്കിൽ ദ്രാവക രൂപത്തിലുള്ള എത്തനോൾ നിറയ്ക്കുന്നു.
ജ്വലനം: സിലിണ്ടറുകളുടെയോ പൈപ്പ് ലൈനുകളുടെയോ ആവശ്യമില്ലാതെ ഈ ഇന്ധനം നേരിട്ട് കത്തിച്ചാണ് പാചകം ചെയ്യുന്നത്.
ഉയർന്ന താപം: വളരെ വേഗത്തിൽ ഉയർന്ന ചൂട് ഉത്പാദിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും.
പ്രധാന ഗുണങ്ങൾ
മലിനീകരണം കുറവ്: പുകയോ മണമോ ഇല്ലാതെ കത്തുന്നതിനാൽ അടുക്കളയിലെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു.
പരിസ്ഥിതി സൗഹൃദം: ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഹരിത ഇന്ധനമാണ് എത്തനോൾ.
ലളിതമായ ഉപയോഗം: സങ്കീർണ്ണമായ കണക്ഷനുകൾ ആവശ്യമില്ലാത്തതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.
പരമ്പരാഗത ഗ്യാസ് സ്റ്റൗകൾക്ക് മികച്ചൊരു പകരക്കാരനായും കുറഞ്ഞ ചെലവിൽ പാചകം ചെയ്യാനുള്ള മാർഗ്ഗമായും എത്തനോൾ കുക്ക്ടോപ്പുകൾ മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ധനങ്ങളിൽ എത്തനോൾ കലർത്തിയതിലൂടെ 1.65 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യക്തമാക്കി. 2015 മുതലുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ലക്ഷ്യം സമ്പൂർണ്ണ സ്വയംപര്യാപ്തത
പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പുറമെ പാചകവാതക (LPG) മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി എത്തനോൾ കുക്ക് സ്റ്റൗകൾ ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾക്കും വരും ദിവസങ്ങളിൽ കൂടുതൽ പ്രചാരം ലഭിച്ചേക്കും. ഇറക്കുമതി കുറയ്ക്കുന്നത് വഴി ആഭ്യന്തര വിപണിയിൽ ഇന്ധന വില നിയന്ത്രിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.