മലയാള സിനിമയിലെ നടിമാരെ പോലെ തന്നെ സുപരിചിതരാണ് തമിഴിലേയും തെലുങ്കിലേയുമെല്ലാം മിക്ക നടിമാരും. അത്തരത്തിൽ ഒരാളാണ് 2008-ൽ കാതലിൽ വിഴുന്തേൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സുനൈന. ഹൈദരാബാദുകാരിയാണെങ്കിലും താരത്തിനെ പലരും തിരിച്ചറിയുന്നത് കോളിവുഡിലെ വേഷങ്ങളിലൂടെയാണ്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ച് മോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ സുനൈനയ്ക്കായിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് സുനൈന അവസാനമായി അഭിനയിച്ചത്. എന്തായാലും ഇപ്പോൾ അത്ര സജീവമല്ലാത്ത താരം പരിക്ക് പറ്റി ചെറിയൊരു വിശ്രമത്തിലാണ്.
സിനിമയിൽ സജീവമല്ലെങ്കിലും ദുബായിക്കാരന്‍ വ്ളോഗറുമായുള്ള ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുനൈനയുടെ പേര് ഉയർന്ന് കേൾക്കാറുണ്ട് .മലയാളികള്‍ക്കിടയില്‍ പോലും ഫാൻസുള്ള യൂട്യൂബ് വ്ളോഗറായ ഖാലിദ് അല്‍ അമേരിയെ തമിഴ് നടി വിവാഹം കഴിക്കാൻ പോവുന്നുവെന്ന വാർത്തകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ മമ്മൂട്ടിയുമായുള്ള അമേരിയുടെ ഇന്റർവ്യൂ ഇന്റർനെറ്റിൽ തരംഗമായിരുന്നു.
വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ചുള്ള ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സുനൈനയുടേയും ഖാലിദ് അല്‍ അമേരിയുടെയും ബന്ധം പുറംലോകമറിയുന്നത്. എന്തായാലും ഇരുവരും ഉടൻ വിവാഹിതരാവുമെന്നാണ് വിവരം. ഇതിനിടയിൽ ടെസ്‌ലയുടെ സൈബർട്രക്കിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌ത് ഇൻസ്റ്റഗ്രാമിൽ സുനൈന വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ് ദുബായിലാണ് സുനൈന ടെസ്‌ലയുടെ പുത്തൻ മോഡലിനൊപ്പം ചിത്രം പകർത്തിയിരിക്കുന്നത്.

ചിത്രങ്ങൾ പകർത്തിയതാവട്ടെ കല്യാണം കഴിക്കാൻ പോവുന്ന ദുബായ് യൂട്യൂബ് വ്ളോഗറായ ഖാലിദ് അല്‍ അമേരിയുമാണ്. താമസം ദുബായിയിലേക്ക് മാറിയ തമിഴ് നടി ഇനി അവിടുത്തെ ഉപയോഗത്തിനായി വാഹനം വാങ്ങിയതാണോയെന്നും വ്യക്തമല്ല. 35 വയസുകാരിയായ താരത്തിന് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. എന്തായാലും ഇലോൺ മസ്ക്കിന്റെ ടെസ്‌ല ഇവി ബ്രാൻഡിന്റെ സൈബർട്രക്ക് ഇതിനോടകം ലോകപ്രശസ്‌തമായിട്ടുണ്ട്.
2023 മുതൽ നിർമിക്കുന്ന ടെസ്‌ല സൈബർട്രക്ക് ഒരു ബാറ്ററി ഇലക്‌ട്രിക് മീഡിയം ഡ്യൂട്ടി വാഹനമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. സാധാരണ കാണുന്ന പാസഞ്ചർ കാറുകളിൽ നിന്നെല്ലാം ആശാൻ വ്യത്യസ്‌തനാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. സിംഗിൾ ചാർജിൽ ഏകദേശം 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ഇലോൺ മസ്ക്കിന്റെ ഇവി ബ്രാൻഡ് വാഹനത്തിൽ അവകാശപ്പെടുന്നത്.
സൈബർബീസ്റ്റ്, ഓൾ-വീൽ-ഡ്രൈവ് (AWD), റിയർ-വീൽ-ഡ്രൈവ് (RWD) എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് മോഡൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ സൈബർട്രക്കിന്റെ സൈബർബീസ്റ്റ് മോഡലിന് 2.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 209 കിലോമീറ്റർ വേഗതയാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാനാവുകയെന്നും ടെസ്‌ല പറയുന്നു.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 845 bhp കരുത്തിൽ പരമാവധി 14,000 Nm torque വരെ നിർമിക്കാൻ ടെസ്‌ല സൈബർട്രക്കിനാവും. ഇലക്ട്രിക് വാഹനത്തിന്റെ AWD വേരിയൻ്റിന് 600 bhp വരെ നൽകാനാവും വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിന് സിംഗിൾ ചാർജിൽ പരമാവധി 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കിട്ടുക. റിയർവീൽ ഡ്രൈവ് മോഡലിന് 3,400 കിലോഗ്രാം ടവിംഗ് ശേഷിയും 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമാണുള്ളത്.
ടെസ്‌ല സൈബർട്രക്കിൽ 6 പേർക്ക് വരെ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. വലിപ്പമുള്ള വിന്‍ഡ് ഷീല്‍ഡ്, ഗ്ലാസ് റൂഫ്, ട്രക്ക് ബെഡ്, വിന്‍ഡ് ഷീല്‍ഡ്, റിയര്‍വ്യൂ മിറര്‍, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം തുടങ്ങിയ ഗംഭീര ഫീച്ചറുകളാലും ഇവി സമ്പന്നമാണ്. എന്തായാലും സൈബർട്രക്കിനൊപ്പമുള്ള സുനൈനയുടെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
