ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വിപ്ലവമാവാനായി എത്തിയിരിക്കുകയാണ് സ്കോഡ കൈലാക് (Skoda Kylaq). മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഭരിച്ചിരുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ വെന്നിക്കൊടി പാറിക്കാൻ ചെറിയ കളികളൊന്നും പോരെന്ന് സ്കോഡയ്ക്ക് നന്നായിട്ടറിയാം. അതിനാൽ തന്നെ വിലക്കുറവ് എന്ന തന്ത്രമാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇവിടെ പയറ്റിയിരിക്കുന്നത്. അതും നിർമാണ നിലവാരത്തിലും സേഫ്റ്റിയിലും യാതൊരുവിധ വിട്ടുവീഴ്ച്ചകളും ചെയ്യാതെയാണ് കൈലാക് പണികഴിപ്പിച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഇതിനോടകം പലരും വീണിട്ടുമുണ്ട് കേട്ടോ.
പക്ഷേ 7.89 ലക്ഷം രൂപയെന്ന വില കേട്ട് ഷോറൂമിലേക്ക് വെച്ച് പിടിക്കേണ്ട. ഇത് കൈലാക്കിന്റെ ബേസ് മോഡലിന്റെ എക്സ്ഷോറൂം വില മാത്രമാണ്. ഇൻഷുറൻസും റോഡ് ടാക്‌സുമെല്ലാമായി വരുന്ന വില കേട്ടാൽ ചിലരൊക്കെ കൈയിൽ തല വെച്ചേക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് സ്കോഡയുടെ കുഞ്ഞിപ്പയ്യൻ വിപണനത്തിന് എത്തിയിരിക്കുന്നത്.
ഇവയുടെ ഓൺ-റോഡ് വില എങ്ങനെ വരുമെന്നാണ് ഈ ലേഖനത്തിൽ ഞങ്ങൾ വിവരിക്കാൻ പോവുന്നത്. പുത്തൻ സ്കോഡ കൈലാക് ഷോറൂമിൽ നിന്നും നിരത്തിലിറക്കാൻ വേണ്ടി വരുന്ന ശരിക്കും തുക ഇവിടെ കൊടുക്കാം. സ്കോഡയുടെ കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള ഓൺ-റോഡ് വില പറയാം. 7.89 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ക്ലാസിക് വേരിയന്റ് വാങ്ങാനിരിക്കുന്നവർ പോക്കറ്റിൽ നിന്നും ഇറക്കേണ്ടത് 9.47 ലക്ഷം രൂപയാണ്.

ഇതിൽ 7.89 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോൾ റോഡ് ടാക്‌സും രജിസ്ട്രേഷനുമെല്ലാമായി 1.05 ലക്ഷം രൂപയോളമാണ് മുടക്കേണ്ടി വരിക. ഇൻഷുറൻസിനായി 43,000 രൂപയോളവും വരും. പിന്നെ വാല്യു ആഡഡ് സർവീസ് ചാർജുകൾ എല്ലാമായി 10,000 രൂപയും കൈയിൽ നിന്നും ഇറക്കേണ്ടതായി വരും. അങ്ങനെ മൊത്തത്തിൽ കൈലാക്കിന്റെ ബേസ് മോഡൽ നിരത്തിലിറങ്ങുമ്പോൾ 9.47 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ.
കൈലാക്കിന്റെ ക്ലാസിക് ബേസ് മോഡലിന്റെ ഒലിവ് ഗോൾഡൻ കളർ ഓപ്ഷൻ വേണമെങ്കിൽ 9.57 ലക്ഷവും പോക്കറ്റിൽ നിന്നുമിറങ്ങും. ഇനി രണ്ടാമത്തെ സിഗ്നേച്ചർ മാനുവലിന് 9.59 ലക്ഷമം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ വേരിയന്റിന് ഓൺ-റോഡ് വില 11.46 ലക്ഷം രൂപ മുതലാണ് വരുന്നത്. ഇതിന്റെ ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ മാനുവൽ ട്രാൻസ്‌മിഷന് 11.57 ലക്ഷവും മുടക്കേണ്ടതായി വരും.

അതേസമയം സ്കോഡ കൈലാക് സിഗ്നേച്ചർ ഓട്ടോമാറ്റിക്കാണ് നോക്കുന്നതെങ്കിൽ കളർ ഓപ്ഷൻ അനുസരിച്ച് 12.95 ലക്ഷം മുതൽ 13.06 ലക്ഷം രൂപ വരെ ഓൺ-റോഡ് വിലയായി മുടക്കേണ്ടതായുണ്ട്. സിഗ്നേച്ചർ പ്ലസ് മാനുവലിന് 13.93 ലക്ഷം രൂപയും സിഗ്നേച്ചർ പ്ലസ് ഓട്ടോമാറ്റിക്കിന് 15.13 ലക്ഷവും ഓൺ-റോഡ് വില നൽകേണ്ടതായുണ്ട്. ഇനി എസ്‌യുവിയുടെ പ്രസ്റ്റീജ് മാനുവലിന് 16.28 ലക്ഷമാണ് നിരത്തിലിറക്കാൻ വേണ്ടിവരിക.
സ്കോഡ കൈലാക്കിന്റെ പ്രസ്റ്റീജ് ഓട്ടോമാറ്റിക് നോക്കുന്നവർക്ക് 17.54 ലക്ഷം രൂപയാണ് ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരിക. ഇങ്ങനെ നോക്കുമ്പോൾ എതിരാളികളുമായി വിലയുടെ കാര്യത്തിൽ കട്ടയ്ക്ക് പിടിച്ചുനിൽക്കാൻ കൈലാക്കിനാവും. ഇനി എങ്ങനെയും കാശുണ്ടാക്കി ഈ മിടുക്കനെ വാങ്ങിയേക്കാം എന്നോർത്തിരിക്കുന്നവർക്ക് മെയിന്റനെൻസ് എങ്ങനെയായിരിക്കുമെന്ന ആശങ്കയും ഉണ്ടാവുമല്ലേ.
എന്നാൽ ഈ സെഗ്മെന്റിലെ ഏറ്റവും മെയിന്റനെൻസ് കുറഞ്ഞ മോഡലായിരിക്കും കൈലാക് എന്നാണ് സ്കോഡയുടെ അവകാശവാദം. ആദ്യത്തെ 33,333 ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷത്തേക്ക് മെയിന്റനെൻസ് കോസ്റ്റ് കിലോമീറ്ററിന് വെറും 24 പൈസ മാത്രമേയുണ്ടാവൂ. ആദ്യത്തെ 33333 ഉപഭോക്താക്കള്‍ക്ക് 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് പാക്കേജ് സൗജന്യമായി ലഭിക്കും. ഇതാണ് മെയിന്റനന്‍സ് ഇത്രയും കുറയ്ക്കാന്‍ സഹായിക്കുന്നത്.
