വേറെ വഴിയില്ലെന്ന് മാരുതി; വാഹനങ്ങള്‍ക്ക് ജനുവരി മുതല്‍ വിലകൂടും

കഴിഞ്ഞ ദിവസമാണ് ഹ്യൂണ്ടായി തങ്ങളുടെ വാഹനങ്ങൾക്ക് വില കൂട്ടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സമാനമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മാരുതി സുസുകിയും. ഹ്യൂണ്ടായി ജനുവരി മുതൽ മൂന്ന് ശതമാനം വർധനവാണ് ഏർപ്പെടുത്തിയതെങ്കിൽ വില നാല് ശതമാനം വർധിപ്പിക്കുമെന്നാണ് മാരുതിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തോടെ സ്റ്റോക്ക് മാർക്കറ്റിൽ മാരുതിയുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി.

അസംസ്കൃത വസ്തുക്കളുടെ ചിലവ് വർധിച്ചത് കാരണമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. വിലവർധനവ് നാലുശതമാനം വരെയായിരിക്കുമെന്നും ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസം വരുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആഘാതം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ വർധിച്ച ചിലവിന്റെ ഒരു ശതമാനം വിപണിയിലേക്ക് കൈമാറാതെ വേറെ വഴിയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

ജനുവരി ഒന്ന് മുതൽ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി ഹ്യൂണ്ടായ് മോട്ടോഴ്സും പ്രസ്താവനയിറക്കിരുന്നു. അസംസ്കൃത വസ്തുക്കളുടെ ചിലവ് വർധിച്ചത് തന്നെയാണ് വിലവർധനവിനുള്ള കാരണമായി ഹ്യൂണ്ടായിയും പറഞ്ഞത്. എല്ലാ മോഡലുകളുടെയും വില വർധിക്കുമെന്നും ഒരു മോഡലിന് 25,000 രൂപവരെയാണ് വർധിക്കുകയെന്നുമാണ് കമ്പനി അറിയിച്ചത്. ആഡംബര വാഹന കമ്പനിയായ ഔഡിയും കഴിഞ്ഞ ദിവസം വില വർധനവ് പ്രഖ്യാപിച്ചിരുന്നു. 3 ശതമാനം വില വർധിപ്പിക്കാനാണ് ഔഡി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *