ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കക്കാരെന്ന് അവകാശപ്പെടാവുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര. E2O, ഇ-വെറിറ്റോ എന്നീ മോഡലുകളിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് ഈ വാഹനങ്ങളെല്ലാം പിൻവലിച്ച് എക്സ്.യു.വി.400 എന്ന ഒരൊറ്റ മോഡലിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ, വലിയൊരു കുതിച്ച് ചാട്ടത്തിന് മുന്നോടിയായിരുന്നു ഈ പിൻവലിയൽ എന്നാണ് മഹീന്ദ്രയുടെ പുതിയ നീക്കങ്ങൾ നൽകുന്ന സൂചന.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹീന്ദ്ര പുറത്തിറക്കിയ ബി.ഇ.6ഇ, എക്സ്.ഇ.വി.9ഇ എന്നീ മോഡലുകൾക്ക് പുറമെ കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്.യു.വി. 700-യെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലും അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചന. എക്സ്.ഇ.വി. 7ഇ എന്ന പേരിലാണ് ഈ വാഹനം ഒരുങ്ങുന്നതെന്നാണ് വിവരം. അടുത്തിടെ എത്തിയ രണ്ട് മോഡലുകൾക്കൊപ്പം ഈ പേരിനും മഹീന്ദ്ര പകർപ്പവകാശം സ്വന്തമാക്കിയിരുന്നു.

എക്സ്.ഇ.വി. 7ഇ കൺസെപ്റ്റ് മോഡൽ മഹീന്ദ്ര മുമ്പുതന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. 6ഇ, 9ഇ മോഡലുകൾക്ക് അടിസ്ഥാനമൊരുക്കുന്ന ഇൻഗ്ലോ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും 7ഇ-യും ഒരുങ്ങുന്നത്. എന്നാൽ, മൂന്നുനിര സീറ്റുകളുള്ള ഫുൾ സൈസ് എസ്.യു.വി. ആയിരിക്കും 7ഇ എന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി പാക്ക്, പവർ ട്രെയിൻ തുടങ്ങിയവ 6ഇ, 9ഇ മോഡലുകളിൽ നിന്ന് കടംകൊണ്ടതാണെങ്കിലും ഡിസൈനിൽ ഐസ് എൻജിൻ എക്സ്.യു.വിക്ക് സമാനമായിരിക്കും എക്സ്.ഇ.വി. 7ഇ.
ബമ്പറിലും ബോണറ്റിലുമായി നൽകിയിട്ടുള്ള ഡി.ആർ.എല്ലും പൊസിഷൻ ലൈറ്റും, ബൈ-ബീം പ്രൊജക്ഷൻ എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ക്ലോസ്ഡ് ഗ്രില്ല്, സ്കിഡ് പ്ലേറ്റും ബ്ലാക്ക് പ്ലാസ്റ്റിക്കും ചേർന്ന് അലങ്കരിക്കുന്ന ബമ്പർ, മഹീന്ദ്രയുടെ പുതിയ ഇൻഫിനിറ്റി ലോഗോ എന്നിവയാണ് ഡിസൈൻ സവിശേഷതകൾ. ഇലക്ട്രിക് സ്പെക് വീലുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. റൂഫ് ലൈൻ, സിലിവേറ്റ് എന്നിവ റെഗുലർ മോഡലിന് സമാനമാണെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന.
9ഇ മോഡലുമായി അകത്തളത്തിലെ ഫീച്ചറുകളും ഡിസൈനും മറ്റും പങ്കിട്ടായിരിക്കും 7ഇ-യും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് സ്ക്രീനുകൾ സ്ഥാനം പിടിച്ചിട്ടുള്ള ഡാഷ്ബോർഡ്, ഇല്ലുമിനേറ്റഡ് ലോഗോ നൽകിയിട്ടുള്ള ടൂ സ്പോക്ക് സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഗ്ലാസ് റൂഫ്, വെന്റിലേറ്റ്-മെമ്മറി ഫങ്ഷനുകൾ നൽകിയിട്ടുള്ള സീറ്റുകൾ, ഉയർന്ന സ്റ്റോറേജ് സ്പേസ് തുടങ്ങി നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര 7ഇ-യിലും നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്നതിനാൽ മെക്കാനിക്കൽ ഫീച്ചറുകളും 6ഇ,9ഇ മോഡലുകൾക്ക് സമാനമായിരിക്കും. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് അടുത്തിടെ പുറത്തിങ്ങിയ രണ്ട് മോഡലുകളിലും നൽകിയിട്ടുള്ളത്. റിയർ വീൽ ഡ്രൈവ് മോഡലായ ഈ വാഹനങ്ങളിൽ 280 പി.എസ്. പവറും 380 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓട്ടോ പാർക്ക്, ലെവൽ 2 അഡാസ് എന്നിവയും 7ഇ-യിൽ നൽകിയേക്കും.
