ദുബായ്: പ്രവാസ ലോകത്ത് എത്തുന്നവർ അടുത്തകാലത്തായി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ, അത് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നതായിരിക്കാം. സ്വദേശിവത്കരണം ഉൾപ്പടെ കർശനമാക്കുന്നതോടെ ഒട്ടേറെ പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. എന്നാൽ ഇതിനെയൊക്കെ മറികടക്കുന്ന രീതിയിലാണ് ദുബായിൽ പുതിയ ട്രെൻഡ് ഉയർന്നുവരുന്നത്. ദുബായിലെ പ്രവാസികൾ അടക്കമുള്ള യുവാക്കൾ ഇപ്പോൾ അധിക വരുമാനത്തിന് വേണ്ടി എയർബിഎൻബിയെ ആശ്രയിക്കുകയാണ്.
ചെറിയ അപ്പാർട്ടുമെന്റുകൾ ദീർഘനാളത്തേക്ക് പാട്ടത്തിനെടുത്ത് ഹോളിഡേ ഹോംസ് എന്ന രീതിയിലാണ് ഇവരുടെ പുതിയ ബിസിനസ്. ചിലർ ദുബായിൽ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് പ്രത്യേകം പ്രോപ്പർട്ടികൾ വാങ്ങുന്നു. ഈ വീടുകൾ മനോഹരമായി ഫർണിഷ് ചെയ്തും സൗകര്യങ്ങൾ ഏർപ്പെടുത്തിയുമാണ് ഇവർ അതിഥികളെ ക്ഷണിക്കുന്നത്. യുകെ സ്വദേശിയായ ചെയ്ൻ ഹോഗൺ എന്ന 23കാരി അപ്രതീക്ഷിതമായാണ് ദുബായിലേക്ക് എത്തിയത്. ജോലിയോ വ്യക്തമായ പദ്ധതിയോ ഇല്ലാതെയാണ് ഹോഗൺ ദുബായിലേക്ക് വിമാനമിറങ്ങിയത്. മാസങ്ങൾക്കുള്ളിൽ ഹോഗൺ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കി എയർബിഎൻബി ബിസിനസ് ആരംഭിക്കുകയായിരുന്നു.
തനിക്ക് അറിവോ പരിചയമോ ഇല്ലാത്ത മേഖലയായിരുന്നു ഇതെന്ന് ഹോഗൺ പറയുന്നു. രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്മെന്റിലാണ് ഞാൻ ബിസിനസ് ആരംഭിച്ചത്. ഏകദേശം 10 പ്രോപ്പർട്ടികളുടെ ഒരു പോർട്ട്ഫോളിയോയായി വളർന്നു. ചിലത് ഉടമസ്ഥതയിലുള്ളതും മറ്റുള്ളവ ക്ലയന്റുകൾക്കായി കൈകാര്യം ചെയ്യുന്നതുമാണെന്നും അവർ കൂട്ടിച്ചേർത്തു.
ശൈത്യകാലത്താണ് എയർബിഎൻബിക്ക് ഏറ്റവും ഡിമാൻഡുള്ളത്. പ്രത്യേകിച്ച് ഡിസംബർ അവസാനത്തോടെ. ഈ സമയത്ത് യുഎഇയിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയമാണ്. വേനൽക്കാലത്ത് ഉണ്ടാകുന്ന ബിസിനസിലെ കുറവ് ഈ സമയത്ത് നമുക്ക് കൂട്ടിച്ചേർക്കാൻ സാധിക്കും. നിയമങ്ങൾ കൃത്യമായി മനസ്സിലാക്കണം. കെട്ടിട സുരക്ഷയും മറ്റ് കാര്യങ്ങൾ മാനേജ് ചെയ്യുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. തുടക്കം ബുദ്ധിമുട്ടാകുമെങ്കിലും കാര്യങ്ങൾ കൃത്യമായി പഠിച്ചാൽ എല്ലാം എളുപ്പമാകുമെന്ന് ഹോഗൺ പറയുന്നു.