ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ ഹാരിയര്‍. ധീരമായ രൂപകല്‍പ്പന, ശക്തമായ റോഡ് പ്രസന്‍സ്, സുഖകരമായ യാത്ര എന്നിവയ്ക്ക് പേരുകേട്ട ഹാരിയറിന്റെ വരവോട് കൂടിയാണ് ഇന്‍ഡിക്ക പോലുള്ള പരമ്പരാഗത ഡിസൈന്‍ ഭാഷയില്‍ നിന്ന് മാറി ഇന്ന് കാണുന്ന മോഡേണ്‍ ലുക്കിലുള്ള ടാറ്റ എസ്‌യുവികളുടെ പരിണാമം ആരംഭിച്ചത്. 2019 ജനുവരിയിലാണ് ടാറ്റ ഹാരിയര്‍ വിപണിയിലെത്തിയത്. ലാന്‍ഡ് റോവറിന്റെ ഡി8 ആര്‍ക്കിടെക്ചറില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ഒമേഗആര്‍ക് പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.ഇതുവരെ, ഹാരിയര്‍ ഡീസല്‍ എഞ്ചിനിലാണ് ലഭ്യമായിരുന്നത്. ദീര്‍ഘകാലമായുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടാറ്റ ഹാരിയര്‍ പെട്രോള്‍-പവര്‍ വേരിയന്റുകള്‍ ചേര്‍ത്ത് നവീകരിച്ചിരിക്കുകയാണ്.
ഹാരിയറിന് ഇപ്പോള്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിച്ചിരിക്കുന്നത്. ഹാരിയറിന്റെ പെട്രോള്‍ പതിപ്പ് ഇതിനോടകം തന്നെ ഇന്ത്യയിലെ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച് കഴിഞ്ഞു. ഹാരിയര്‍ പെട്രോള്‍ പതിപ്പുകള്‍ എങ്ങിനെയുണ്ട് എന്നറിയാന്‍ വാഹനപ്രേമികള്‍ക്ക് താല്‍പര്യമുണ്ടാകും. പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ച ഹാരിയര്‍ പുറത്തിറങ്ങുന്നതിന് മുമ്പേ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. അതില്‍ നിന്നും ഞങ്ങള്‍ക്ക് പറയാനുളള കാര്യങ്ങള്‍ ചുവടെ വിശദീകരിക്കാം.
വലിപ്പവും എക്സ്റ്റീരിയര്‍ ഡിസൈനും
ടാറ്റ ഹാരിയറിന് 4605 mm നീളവും, 1922 mm വീതിയും, 1718 mm ഉയരവും ഉണ്ട്. 2741 mm വീല്‍ബേസും 205 mm ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള വാഹനത്തിന് 445 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് ലഭിക്കുന്നു. 50 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി.
കണക്റ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും, മുന്‍വശത്ത് ബ്രഷ്ഡ് അലുമിനിയം ഫിനിഷുള്ള ഗ്രില്ലും, ടാറ്റ ലോഗോയുമാണ് ഹാരിയറിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. 18-ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകള്‍ വാഹനത്തിന്റെ മൊഞ്ച് കൂട്ടുന്നു. റൂഫ് റെയിലുകളും, ഷാര്‍ക്ക് ഫിന്‍ ആന്റനയും ആധുനിക രൂപം സമ്മാനിക്കുന്ന എസ്‌യുവിയുടെ പിന്നില്‍ എല്‍ഇഡി ബാറുകളും നല്‍കിയിട്ടുണ്ട്. കൂടാതെ സില്‍വര്‍ ഫിനിഷുള്ള സ്‌കഫ് പ്ലേറ്റുകളും ഹാരിയറില്‍ കാണാനാകും.
ഇന്റീരിയര്‍ ഡിസൈന്‍
വൈറ്റ് തീമിലാണ് ഹാരിയറിന്റെ അകത്തളം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വെന്റിലേഷന്‍ ഫംഗ്ഷനുള്ള ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റുകള്‍ എസ്‌യുവിക്ക് ലഭിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് ആം റെസ്റ്റ് നല്‍കിയിട്ടുണ്ടെങ്കിലും വെന്റിലേറ്റഡ് സീറ്റുകള്‍ ലഭ്യമല്ല. വിംഗ് ഡിസൈന്‍ ഹെഡ്റെസ്റ്റുകള്‍ കൂടുതല്‍ സൗകര്യം നല്‍കുന്നു. പവര്‍ വിന്‍ഡോകളും, ബി-പില്ലറില്‍ റിയര്‍ എസി വെന്റുകളും ഉണ്ട്.
രണ്ട് 65-വാട്ട് ടൈപ്പ്-സി ചാര്‍ജിംഗ് സോക്കറ്റുകളും, വലിയ പനോരമിക് സണ്‍റൂഫും ഹാരിയറില്‍ ലഭ്യമാണ്. 14-ഇഞ്ച് സാംസങ് OLED ടച്ച്സ്‌ക്രീനിനൊപ്പം ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 10 സ്പീക്കര്‍ ജെബിഎല്‍ സറൗണ്ട് സൗണ്ട് സിസ്റ്റം ഹാരിയറിലെ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കുന്നു. കൂടാതെ ഡാഷ്‌കാമിന്റെ ഫീച്ചറുകളുള്ള ഡിജിറ്റല്‍ റിയര്‍വ്യൂ മിററും ഇതില്‍ ഉള്‍പ്പെടുന്നു.
സുരക്ഷാ ഫീച്ചറുകള്‍
ഏഴ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ച ടാറ്റ ഹാരിയര്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ഇബിഡിയോട് കൂടിയ എബിഎസ്, ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഉണ്ട്. ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകളും, 360-ഡിഗ്രി ക്യാമറയും സുരക്ഷയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്.
എഞ്ചിനും പെര്‍ഫോമന്‍സും
ഹാരിയറിന് ലഭിച്ച പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 168 മുതല്‍ 170 bhp വരെ പവറും 280 Nm പീക്ക് ടോര്‍ക്കും നല്‍കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 16.8 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.
ഡ്രൈവിംഗ് ഇംപ്രഷന്‍
ഹാരിയറില്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സുഗമമായ ഡ്രൈവിംഗും, മികച്ച പ്രതികരണശേഷിയുമുള്ള എഞ്ചിനാണ് ഇത്. നോര്‍മല്‍, സ്‌പോര്‍ട്ട്, ഇക്കോ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഇതിലുണ്ട്. വിവിധതരം റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. സ്‌പോര്‍ട് മോഡില്‍ സ്റ്റിയറിംഗ് വീല്‍ കൂടുതല്‍ സ്റ്റിഫ് ആവുന്നു. വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ മികച്ച റൈഡ് അനുഭവം നല്‍കുന്നു. കൂടാതെ ഇത് ഓഫ് റോഡിംഗിനും അനുയോജ്യമാണ്.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി എത്തുന്ന ടാറ്റ ഹാരിയര്‍ വിപണിയില്‍ ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശാലമായ ഇന്റീരിയറും, സുരക്ഷാ ഫീച്ചറുകള്‍ക്കുമൊപ്പം കരുത്തുറ്റ പെട്രോള്‍ എഞ്ചിന്‍ കൂടി ചേരുന്നതോടെ എസ്‌യുവിയുടെ ആകര്‍ഷണം വര്‍ധിക്കും. പെട്രോള്‍ എഞ്ചിന്‍ ലഭ്യത കൂടുതല്‍ സാധ്യതയുള്ള ഉപഭോക്താക്കളെ ഹാരിയറിലേക്ക് അടുപ്പിക്കും. ഫീച്ചറുകള്‍, പെര്‍ഫോമന്‍സ്, സുരക്ഷ എന്നിവ കണക്കിലെടുക്കുമ്പോള്‍ ഒരു മിഡ്‌സൈസ് എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.